1

പോത്തൻകോട്: പാല്‍, മുട്ട, മാംസം എന്നിവയിൽ സ്വയം പര്യാപ്തത നേടാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി, പോത്തൻകോട്ട് നിർവഹിച്ചു. അടിയന്തരഘട്ടങ്ങളിൽ ക്ഷീരകർഷകർക്ക് രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം വീട്ടുപടിക്കൽ ലഭ്യമാക്കാനായി ടോൾഫ്രീ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഉല്പാദനച്ചെലവ് കുറയ്ക്കാനായി ചോളം കൃഷി, സൈലേജ് നിർമ്മാണം എന്നിവ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായി. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് 14 പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് അനുയോജ്യമായ പദ്ധതികളിലൂടെ പാല്‍, മുട്ട, മാംസം എന്നിവയിൽ സ്വയംപര്യാപ്തത നേടാൻ പഞ്ചായത്തിനെ സഹായിക്കുന്ന മാതൃക പദ്ധതിയാണിത്.

പോത്തൻകോട് പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഒൻപത് കർഷകർക്ക് അഞ്ച് പെണ്ണാടുകളും ഒരു ആണാടും ഉൾപ്പെട്ട ഗോട്ട് സാറ്റ്‌ലൈറ്റ് യൂണിറ്റ്,18 വനിതകൾക്ക് കിടാരികൾ, 50 സ്‌കൂൾ വിദ്യാർത്ഥികൾക്ക് അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ മന്ത്രി വിതരണം ചെയ്തു.

അഞ്ച് ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. മൃഗസംരക്ഷണ മേഖലയിലെ സുസ്ഥിരവും സമഗ്രവുമായ വികസനം യാഥാർത്ഥ്യമാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പോത്തൻകോട് സഫർലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.ജിജിമോൻ ജോസഫ് പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ.വേണുഗോപാലൻ നായർ, ഉനൈസ അന്‍സാരി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, വെെസ് പ്രസിഡന്റ് അനിത ടീച്ചർ, ബ്ലോക്ക് അംഗങ്ങളായ അനിൽകുമാർ,മലയിൽകോണം സുനിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സലിൽ സോണി, വെറ്ററിനറി സർജൻ സജിന തുടങ്ങിയവർ പങ്കെടുത്തു.