വർക്കല: കുടുംബശ്രീ യൂണിറ്റുകളുടെ മറവിൽ ബാങ്ക് വായ്പ തരപ്പെടുത്താൻ വ്യാജരേഖ ചമച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പട്ട് നഗരസഭ കൗൺസിൽ യോഗം കോൺഗ്രസ് അംഗങ്ങൾ തടസപ്പെടുത്തി. ഇതേത്തുടർന്ന് കോൺഗ്രസിലെ ആറ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നഗരസഭ അദ്ധ്യക്ഷൻ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് വീണ്ടും യോഗം തുടങ്ങിയത്. കഴിഞ്ഞദിവസം രാവിലെ 11 ഓടെയാണ് നഗരസഭ ചെയർമാൻ കെ.എം.ലാജിയുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നത്.
യോഗം തുടങ്ങിയ ഉടനെ കുടുംബശ്രീ തട്ടിപ്പ് വിഷയം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.എം.ബഷീർ ഉന്നയിച്ചു. കഴിഞ്ഞ തവണ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലെ തീരുമാനം നടപ്പാക്കൽ വിശദീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ചെയർമാന്റെ മറുപടിയിൽ തൃപ്തരാകാതെ കോൺഗ്രസ് അംഗങ്ങൾ ഡയസിനു സമീപമെത്തി ബാനറുമായി പ്രതിഷേധം ആരംഭിച്ചു. വായ്പ തട്ടിപ്പ് കൂടാതെ സി.ഡി.എസിന്റെ ഏഴ് വർഷത്തെ പ്രവർത്തനവും വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഡയസിന് മുന്നിൽ ബാനറുമായി പി.എം.ബഷീർ, എ.സലിം, എസ്.പ്രദീപ്, ബിന്ദു തിലകൻ, എ.ആർ.രാഗശ്രീ, സി.യു.ഇന്ദുലേഖ എന്നിവർ രംഗത്തെത്തി. ഇതിനിടെ ചെയർമാന്റെ ആവശ്യപ്രകാരം വർക്കല പൊലീസ് കൗൺസിൽ ഹാളിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തു മാറ്റി.