md

തിരുവനന്തപുരം: ഓഫീസർമാർക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ച അനാവശ്യ അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓഫീസർമാരുടെ സംഘടനയായ അക്വയും ആംനെസ്റ്റി പദ്ധതിയിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയനും (സി.ഐ.ടി.യു) സംയുക്തമായി വാട്ടർ അതോറിട്ടി എം.ഡിയെ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ 11 മണിയോടെ വെള്ളയമ്പലത്തെ ഓഫീസിലായിരുന്നു എം.ഡി വെങ്കിടേസപതിയെ തടഞ്ഞുവച്ചത്.ജലജീവൻ മിഷനുമായി ബന്ധപ്പെട്ട കേന്ദ്ര സംഘത്തിന്റെ യോഗത്തിൽ മലയാളത്തിൽ അജൻഡ തയ്യാറാക്കിയെന്നാരോപിച്ച് തൃശൂർ നാട്ടികയിൽ എക്സിക്യുട്ടീവ് എൻജിനീയറെ സസ്പെൻഡ് ചെയ്തതാണ് അക്വയുടെ പ്രതിഷേധത്തിന് കാരണമായത്. അക്വ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.സന്തോഷ്‌ കുമാർ, ട്രഷറർ തമ്പി, വൈസ് പ്രസിഡന്റ് രഞ്ജീവ്, സെക്രട്ടറി ശശിധരൻ നായർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.ആംനസ്റ്റി അദാലത്തിൽ അപേക്ഷകൾ തീർപ്പാക്കുന്നത് കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി 11 ജീവനക്കാരുടെ ഒരു ദിവ​സത്തെ ശമ്പളം തടഞ്ഞതിനായിരുന്നു സി.ഐ.ടി.യുവിന്റെ പ്രതിഷേധം.എംപ്ളോയീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി,​ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി.ആർ.ഹേമന്ത്,​ എം.ആർ.പ്രവീൺ,​ ജില്ലാസെക്രട്ടറി എം.ആർ.മനുഷ് തുടങ്ങിയവർ നേതൃത്വം നൽകി.രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ശേഷം എം.ഡിയുമായി നടത്തിയ ചർച്ചയിൽ നടപടികൾ പിൻവലിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. എൻജിനിയർമാരുടെ സംഘടനയായ എഫ്‌ക്വയുടെ നേതാക്കളായ മിലൻ പേട്ട,​ കൃഷ്‌ണകുമാർ,​ സുജാത എന്നിവരും സമരത്തിന് നേതൃത്വം നൽകി.