shiju

വെഞ്ഞാറമൂട് : വിവാഹാഭ്യർ‌ത്ഥന നിരസിച്ച പെൺകുട്ടിയെ ആറുവർഷംമുമ്പ് പട്ടാപ്പകൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. വെഞ്ഞാറമൂട് സൂര്യാ കൊലക്കേസ് പ്രതി വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു പി.എസി (34)നെയാണ് വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ശശിധരൻ നായർ -പ്രസന്ന ദമ്പതികളുടെ മകനാണ് ഷിജു.

ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് പാലാംകോണം സ്വദേശി സൂര്യയെ (26) കുത്തിക്കൊന്ന കേസിൽ മൂന്നുമാസമായി ജയിലിലായിരുന്നു ഷിജു. ജാമ്യത്തിലായിരുന്നു ഇപ്പോൾ . കേസിൽ വിസ്താരം ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ.

2016 ജനുവരി 27 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് ഓട്ടോ സ്റ്റാൻഡ് സ്ഥിതിചെയ്യുന്ന ഇടവഴിയിൽ വച്ചായിരുന്നു അരുംകൊല. സംഭവത്തിന് മൂന്നുമാസം മുൻപാണ് ഷിജു സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് പിരപ്പൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഷിജു അവിടെ ജോലി ചെയ്തിരുന്ന സൂര്യയെ കണ്ടതും പ്രണയത്തിലായതും. നഴ്സായിരുന്നു സൂര്യ. ഇരുവരുടെയും വീട്ടുകാർ വിവാഹാലോചനയും നടത്തിയിരുന്നു. എന്നാൽ ഷിജുവിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റവും സംശയ രോഗങ്ങളും കാരണം സൂര്യ വിവാഹാലോചനയിൽ നിന്നു പിൻമാറി. ഇതിന്റെ വൈരാഗ്യത്തിൽ, സൂര്യയ്ക്കൊപ്പം ബസിൽ കയറുകയും ആറ്റിങ്ങൽ ഇറങ്ങി പിൻതുടർന്ന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം ദിവസം തന്നെ ഷിജുവിനെ കൊല്ലത്തെ ഒരു ലോഡ്ജിൽ അമിതമായി ഉറക്കഗുളിക കഴിച്ച് കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്ത‌ിയിരുന്നു. കേസിൽ നിയമനടപടികൾ വൈകുന്നതിനെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.ഷിജുവിന്റെ സഹോദരങ്ങൾ :ഷൈജു പി.എസ്, ഷൈനി പി എസ്.