
വ്യാപക പരിശോധന
തിരുവനന്തപുരം: വിഴിഞ്ഞത്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീകാന്തും സംഘവുമെത്തിയത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യനീക്കം സംസ്ഥാനവ്യാപകമായുണ്ടെന്ന വിവരത്തിന്റെകൂടി അടിസ്ഥാനത്തിലാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും ഇവരുടെ നീക്കങ്ങൾ സ്ഥിരീകരിച്ച എൻ.ഐ.എ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ കോവളം,തിരുവല്ലം,കരമന,പൂന്തുറ എന്നിവിടങ്ങളിലും നിരീക്ഷണം നടത്തി.
എൻ.ഐ.എ ഡൽഹി ആസ്ഥാനത്ത് നിന്നെത്തിയ ഉദ്യോഗസ്ഥരും നിരീക്ഷണത്തിനുണ്ടായിരുന്നു. നാലു ദിവസമായി എൻ.ഐ.എ സംഘം സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നുണ്ട്. എറണാകുളം,ആലപ്പുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് ദേശീയ ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റ കൂടി അടിസ്ഥാനത്തിൽ സംഘം വിഴിഞ്ഞത്തെത്തിയത്. സമരസമിതിയിൽ മുൻ പി.എഫ്.ഐ പ്രവർത്തകർ നുഴഞ്ഞുകയറിയെന്ന സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞദിവസങ്ങളിൽ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വിഴിഞ്ഞത്തോടു ചേർന്നുള്ള തമിഴ്‌നാട്ടിലെ തീരപ്രേദേശങ്ങളിലും പരിശോധന വ്യാപകമാക്കും. വിഴിഞ്ഞത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചും വ്യാപക പരിശോധന നടത്താനാണ് തീരുമാനം.
സമാന്തര കൂടിയാലോചന
പി.എഫ്.ഐ പ്രവർത്തകരായിരുന്ന രണ്ടാംനിര നേതാക്കളാണ് എൻ.ഐ.എ നിരീക്ഷണത്തിലുള്ളത്. ഇവർ സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണ് സമാന്തര കൂടിയാലോചനകൾ നടത്തുന്നത്. മുൻ പി.എഫ്.ഐ പ്രവർത്തകർ അംഗങ്ങളായ വാട്സാപ്പ്, ഇൻസ്‌റ്റാഗ്രാം ഗ്രൂപ്പുകൾ സജീവമാണ്. ഇതുവഴിയാണ് വിഴിഞ്ഞം വിഷയത്തിലടക്കമുള്ള കൂടിയാലോചനകൾ നടക്കുന്നത്. കഴിഞ്ഞദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തിയ നാലു പി.എഫ്.ഐ പ്രവർത്തകരുടെ ഫോൺസംഭാഷണങ്ങൾ അടക്കം പരിശോധിച്ചപ്പോൾ കാര്യമായ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. തുടർന്നാണ് ഇവരുടെ ആശയവിനിമയം സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണെന്ന് തിരിച്ചറിഞ്ഞത്.