
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ കോഴോട് - മണ്ണാംകുളം റോഡ് നവീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കുന്നു. കാലങ്ങളായി അധികൃതരുടെ അവഗണന നേരിടുന്ന പഞ്ചായത്ത് റോഡുകളിലൊന്നാണ് മണ്ണാംകുളം. കോഴോട് ബൈ റോഡിൽ കുത്തനെയുള്ള ഇറക്കത്തിലെ മണ്ണാംകുളം റോഡ് വഴിയുള്ള യാത്രയും അപകടകരമായി തുടരുകയാണ്. രാത്രികാലങ്ങളിൽ ബൈക്ക് തെന്നി വീണ് അപകടം സംഭവിക്കുന്നതും നിത്യ സംഭവമായി മാറിക്കഴിഞ്ഞു. നൂറോളം പേർ തിങ്ങിപ്പാർക്കുന്നിടത്ത് യാത്രാ സൗകര്യമില്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ ഇതുവഴി വാഹനങ്ങളൊന്നും തന്നെ കടന്നുവരില്ലെന്നാണ് സ്കൂൾ വിദ്യാർത്ഥികളുടേയും യാത്രക്കാരുടേയും പരാതി. കോഴോട് – മണ്ണാംകുളം റോഡിന്റെ അമ്പത് മീറ്ററോളം മെറ്റൽ ഇളകി ടാർ പൂർണമായും ഒലിച്ചുപോയിരിക്കുന്നതിനാൽ അത്യാവശ്യ സാഹചര്യങ്ങളിൽ കൂടി ഒരു വാഹനത്തിനും കടന്നു വരാൻ കഴിയാത്ത അവസ്ഥയാണ്. ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ച് റോഡ് പുനരുദ്ധരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ബ്ലോക്ക് മെമ്പറോടും ജില്ലാപഞ്ചായത്ത് പ്രതിനിധികളോടും ഇക്കാര്യം നാട്ടുകാർ നിരവധി തവണ സൂചിപ്പിച്ചെങ്കിലും ഫണ്ട് അനുവദിക്കാമെന്ന് വാക്കാൽ ഉറപ്പ് നൽകി അവരും കൈയ്യൊഴികുയാണ്. അദ്ധ്യയന വർഷം ആരംഭിച്ചതു മുതൽ ഇടറോഡുകളുടെ നവീകരണം എത്രയും വേഗം പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ബസ് സർവീസില്ലെന്ന കാരണത്താൽ മിക്ക ബൈറോഡുകളും പുനരുദ്ധരിക്കാതെ തകർച്ചയുടെ വക്കിലാണ്.
അവഗണനയുടെ വക്കിൽ
പഞ്ചായത്ത് ഭരണസമിതി മാറിമാറി ഭരിച്ചിട്ടും മണ്ണാംകുളം റോഡിന്റെ നവീകരണം സാദ്ധ്യമാക്കാൻ ജനപ്രതിനിധികളാരും തന്നെ മുന്നോട്ട് വന്നിട്ടില്ല. പഞ്ചായത്ത് റോഡുകളുടെ നവീകരണത്തിന്റെ ചുമതല എൽ.എസ്.ജി.ഡി വിഭാഗത്തിനാണ്. എന്നാൽ റോഡിനെ പാടെ അവഗണിച്ച നിലയിലാണിന്ന്. റോഡും ഓടയുമുൾപ്പെടെ ഭാഗികമായി പുന:രുദ്ധരിക്കാൻ ചുരുങ്ങിയത് ഇരുപത് ലക്ഷത്തോളം വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്.
അടിയന്തരമായി ഇടപെടണം
റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് കുഴികളടച്ച് നികത്താനെങ്കിലും അടിയന്തര ഫണ്ട് അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. രാവിലെ സ്കൂൾ സമയങ്ങളിലും വൈകിട്ട് പാരലൽ ട്യൂഷൻ സെന്ററുകളിലെ പഠനത്തിനുശേഷവും നിരവധി വിദ്യാർത്ഥികളാണ് സൈക്കിളിലും ബൈക്കുകളിലുമായി ഇതുവഴി സഞ്ചാരം നടത്തുന്നത്. റോഡ് പൂർണമായും തകർന്നതോടെ വിദ്യാർത്ഥികൾക്കും യാത്രാതടസം നേരിടുകയാണ്. റോഡിനിരുവശവും ഓടയില്ലാത്തതും റോഡ് പൊട്ടിപ്പൊളിയാൻ കാരണമായിട്ടുണ്ട്.