gta

നെയ്യാറ്റിൻകര: വൈദ്യുത ശ്മശാന നിർമ്മാണത്തിൽ നിന്ന് നഗരസഭ പിന്നോട്ട് പോകില്ലയെന്ന് നഗരസഭാ ചെയർമാൻ പി.കെ.രാജ് മോഹൻ ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് ആക്ഷൻ കൗൺസിൽ നൽകിയ നിവദേനത്തിനാണ് ചെയർമാൻ മറുപടി നൽകിയത്.

കോട്ടൂരിൽ വൈദ്യുത ശ്മശാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലായെന്നും പകരം മറ്റ് ചില പ്രദേശങ്ങൾ പരിഗണനയിലാണെന്നും ചെയർമാൻ വ്യക്തമാക്കി. ഇതിന് വേണ്ടി ഭൂമി വിലയ്ക്ക് വാങ്ങാനുള്ള നടപടി നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

4 സ്ഥലങ്ങൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും അവിടെയൊന്നും ശ്മശാനം സ്ഥാപിക്കാൻ കഴിയാത്ത നഗരസഭ പുതിയതായി ഭൂമി വാങ്ങി ചെയ്യുമെന്ന് പറയുന്നത് പദ്ധതി നീട്ടികൊണ്ടു പോകുന്നതിന് ഇടയാക്കുമെന്നും നഗരസഭയുടെ ഇച്ഛാശക്തിയില്ലായ്മയാണ് പദ്ധതി നടപ്പിലാക്കുന്നതിന് തടസമായിട്ടുള്ളതെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ആക്ഷൻ കൗൺസിൽ ചെയർമാനെ രേഖാമൂലം അറിയിച്ചു. ഫ്രാനിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട വൈദ്യുത ശ്മശാന നിർമ്മാണ ആക്ഷൻ കൗൺസിലിന്റെ പ്രസിഡന്റ് എൻ.ആർ.സി.നായർ, ജനറൽ സെക്രട്ടറി ഡോ.സി.വി.ജയകുമാർ, ജനറൽ കൺവീനർ എസ്.കെ.ജയകുമാർ, ധനുവച്ചപുരം സുകുമാരൻ, മണലൂർ ശിവ പ്രസാദ്, അമരവിള സതികുമാരി, ക്യാപ്പിറ്റൽ വിജയൻ, എം.രവീന്ദ്രൻ, പരമേശ്വരൻ നായർ, എം.ശ്രീകുമാരൻ നായർ, നിലമേൽ മുരളീധരൻ നായർ, കെ.വി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.