തിരുവനന്തപുരം: കരമനയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീറമൺകര ആനന്ദ് നഗർ എ.എൻ.ആർ.എ 129 ൽ രാമചന്ദ്രൻ നായർ(64 ), ഭാര്യ ശ്രീലത(52 ) എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവിന്റെ മൃതദേഹം ഹാളിലും ഭാര്യയുടേത് കിടപ്പുമുറിയിലുമാണ് കണ്ടത്.
ഇവരുടെ ഏക മകൾ പത്ത് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമത്തെ തുടർന്ന് കുര്യാത്തിയിലെ കുടുംബവീട് വിറ്റ ശേഷമാണ് വാടക വീട്ടിലേക്ക് താമസം മാറ്റിയത്. രാമചന്ദ്രൻ നായർ നടത്തിയിരുന്ന കരമനയിലെ ഹോട്ടലും പഴക്കടയും നിർത്തുകയും ചെയ്തു. ബന്ധുക്കളടക്കം ആരുമായും സഹകരിക്കാതെ ഒറ്റപ്പെട്ടാണ് ഇവർ ജീവിച്ചിരുന്നത്. സമീപവാസികളോടു പോലും സംസാരിക്കാറില്ലായിരുന്നു. ഒറ്റപ്പെട്ട ജീവിതമായതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള കുറിപ്പും ഈ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രയാസവും ഉണ്ടായിരുന്നു. രണ്ടുമാസമായി വീടിന്റെ വാടക കൊടുക്കാത്തതിനാൽ വീടൊഴിയാൻ വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. ശ്രീലതയ്‌ക്ക് ഉണ്ടായിരുന്ന സ്വർണ്ണം ഒരു പെൺകുട്ടിക്ക് നൽകിയതായും വീട്ടിലെ ഫർണിച്ചറുകൾ സമീപത്തുള്ള മറ്റൊരു സ്ത്രീക്ക് നൽകണമെന്നും കുറിപ്പിലുണ്ട്. ഇൻക്വസ്റ്റ് കഴിഞ്ഞ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മാർട്ടത്തിനു ശേഷം സംസ്‌കാരം നടക്കും.