governer

തിരുവനന്തപുരം: കെ. സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം സർക്കാർ ബി.ജെ.പി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഇടപെടൽ ആവശ്യപ്പെട്ട് 2021 ജൂൺ 10ന് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്.

ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.സുധീർ, എസ്.സുരേഷ്, വി.വി.രാജേഷ് എന്നിവർ കഴിഞ്ഞ ജൂൺ ഒമ്പതിന് ഗവർണറെ കണ്ടിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ കൊടകര കോഴപ്പണ കേസ്, മഞ്ചേശ്വരം കേസ് തുടങ്ങിയവ രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യ ധ്വംസനമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകി. ഉചിതമായ നടപടിയെടുക്കാനുള്ള ശുപാർശ സഹിതം ഗവർണർ ഈ പരാതി മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലുള്ള കേസുകൾ ഗവർണർ ഏറ്റുപിടിച്ച് രാഷ്ട്രീയതാത്പര്യത്തോടെ അടിയന്തര ഇടപെടൽ തേടിയെന്നാണ് സർക്കാരിന്റെ വിമർശനം. രാജ്ഭവനിലെ 20 താത്കാലിക ജീവനക്കാരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടും അതിഥികൾക്ക് സഞ്ചരിക്കാൻ മൂന്ന് ഇന്നോവ കാറുകൾ ആവശ്യപ്പെട്ടും ഗവർണർ അയച്ച കത്തുകൾ നേരത്തേ പുറത്തുവിട്ടിരുന്നു.

രാജ്ഭവന്റെ മറുപടി

ലഭിച്ച പരാതികൾ സർക്കാരിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണിത്. കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഗവർണർക്ക് ലഭിക്കുന്ന എല്ലാ പരാതികളും സർക്കാരിന് കൈമാറാറുണ്ട്.