
തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന വൈനിന്റെ വില്പന നികുതി സർക്കാർ കുറച്ചു. 112 ശതമാനത്തിൽ നിന്ന് 82 ശതമാനമായിട്ടാണ് കുറച്ചത്. ഇന്ന് മുതൽ വൈനിന്റെ വില കുറയും. ഫുൾ ബോട്ടിൽ വൈനിന് 300 രൂപയാണ് ഏറ്റവും കുറഞ്ഞ വില. 2000 രൂപ വരെ വിലയുള്ള വൈനും സാധാരണ ഷോപ്പുകളിൽ ലഭ്യമാണ്. വൈൻ വില്പന നികുതി കുറയ്ക്കുന്നതിന് നേരത്തെ ധാരണയായിരുന്നെങ്കിലും നടപ്പാക്കിയില്ല. ഡിസംബർ ഒന്നു മുതൽ ഇതിന് പ്രാബല്യം നൽകാൻ ഇന്നലെയാണ് ബെവ്കോയ്ക്ക് നിർദ്ദേശം ലഭിച്ചത്. കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായായണ് വില്പന നികുതി ഇളവുചെയ്യുന്നത്. വിദേശ മദ്യത്തിന്റെ വില കൂടുന്ന സാഹചര്യത്തിൽ വൈനിന് വിലകുറഞ്ഞാൽ ഉപഭോഗം കൂടുമെന്നും കണക്കുകൂട്ടുന്നു.