തിരുവനന്തപുരം: സാങ്കേതികവിദ്യയും ശാസ്ത്രമേഖലയും തമ്മിൽ ബന്ധപ്പെട്ടു നിൽക്കേണ്ടത് പ്രധാനമാണെന്നും ഈ ബന്ധം ഇല്ലാത്തതാണ് ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നമെന്നും കേന്ദ്ര ബയോ ടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് ഗോഖലെ പറഞ്ഞു. ട്വിറ്ററും ഫേസ്ബുക്കും വീഡിയോകളും പത്രങ്ങളും ഉൾപ്പെടെയുള്ള വിവിധ മാദ്ധ്യമങ്ങളിലൂടെ നിരന്തരം ആശയവിനിമയം നടത്താൻ ശാസ്ത്രസമൂഹം തയ്യാറാവണം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നാലു ദിവസത്തെ ബയോടെക്നോളജി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രലോകത്തിന് പിന്തുണ ലഭിച്ചില്ലെങ്കിൽ രാജ്യപുരോഗതിയെ തന്നെ ബാധിക്കും. പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിന് സഹകരണ പദ്ധതികൾ, ടീം വർക്ക്, വിദഗ്ദ്ധരുമായി ബന്ധപ്പെടൽ എന്നിവ ആവശ്യമാണ്. സാങ്കേതിക കണ്ടുപിടിത്തങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമാണെന്നതിനാൽ പുറത്ത് എന്ത് പങ്കിടണം, എന്തൊക്കെ ചെയ്യരുത് എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്നും ഗോഖലെ പറഞ്ഞു.ഫരീദാബാദിലെ റീജിയണൽ സെന്റർ ഫോർ ബയോടെക്‌നോളജി എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സുധാംശു വ്രതി, കേന്ദ്ര ബയോ ടെക്‌നോളജി വകുപ്പ് സീനിയർ അഡ്വൈസറും ശാസ്ത്രജ്ഞനുമായ എച്ച്. സഞ്ജയ് കുമാർ മിശ്ര തുടങ്ങിയവർ സംസാരിച്ചു. രാജീവ്ഗാന്ധിബയോടെക്നോളജി ഡയറക്ടർ പ്രൊഫ.ചന്ദ്രഭാസ് നാരായണ സ്വാഗതവും കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് ശാസ്ത്രജ്ഞൻ ഡോ.ഡിയോ പ്രസാദ് ചതുർവേദി നന്ദിയും പറഞ്ഞു.