
തിരുവനന്തപുരം: സ്ഥാനക്കയറ്റത്തിന് പുതിയ തസ്‌തികകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ
വകുപ്പിൽ എൻട്രി കേഡർ തസ്‌തികകൾ വെട്ടിക്കുറച്ചതോടെ, ലാബോറട്ടറി ടെക്നീഷ്യൻ നിയമനം നിലച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ 3 മാസം മാത്രം ശേഷിക്കെ, 14 ജില്ലകളിലുമായി 544 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
ശമ്പള കമ്മിഷൻ ശുപാർശ പ്രകാരം സ്ഥാനക്കയറ്റത്തിനായി ലാബ് ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, ഒന്ന് തസ്തികകൾ ചേർത്ത് പുതിയ സീനിയർ ഗ്രേഡ് തസ്തിക സൃഷ്ടിച്ചതോടെയാണ്, ലാബോറട്ടറി ടെക്നീഷ്യൻ ഒഴിവുകളിൽ കുറവ് വന്നത്. എൻട്രി കേഡർ തസ്തികയായ ഗ്രേഡ് 2 ൽ മാത്രം 142 തസ്‌തികയാണ് കുറച്ചത്. 1518 പുതിയ തസ്‌തിക കൂടി സൃഷ്ടിക്കണമെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശുപാർശ നിലനിൽക്കെയാണിത്. സീനിയർ ഗ്രേഡ് നിലവിൽ വരുന്നതിന് മുൻപ് ഗ്രേഡ് 2 ൽ മാത്രം723 തസ്തികയുണ്ടായിരുന്നത് 581 ആയി കുറഞ്ഞു. പുതിയ തസ്തിക സൃഷ്ടിക്കാതെ ഇനി നിയമനങ്ങൾക്ക് സാദ്ധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. 2020 മാർച്ചിലാണ് റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്.
സ്ഥിരം തസ്തികയില്ലാതെ
400ലധികം കേന്ദ്രങ്ങൾ
ലബോറട്ടറി സൗകര്യമുണ്ടായിട്ടും ,സ്ഥിരം തസ്തികയില്ലാത്ത 400 ലധികം ആരോഗ്യ കേന്ദ്രങ്ങളുണ്ട്.കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ രണ്ട് ലാബ് ടെക്നീഷ്യൻമാർ നിർബന്ധമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും, മിക്കയിടത്തും ഒരു തസ്തികയേ ഉള്ളൂ. ചിലയിടങ്ങളിൽ അതുമില്ല. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ
200 ലേറെ സ്ഥാപനങ്ങളിൽ മറ്റു തസ്തികകൾ സൃഷ്ടിച്ചപ്പോഴും, ലാബ് ടെക്‌നീഷ്യൻ തസ്‌തിക അനുവദിച്ചില്ല. ആരോഗ്യ വകുപ്പിലെ 1200 പുതിയ തസ്തികകളിൽ ഒരെണ്ണം പോലും ലാബ് ടെക്നീഷ്യന്റേത് ഇല്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.