കിളിമാനൂർ: കിളിമാനൂരിൽ യുവാവിനെ ആയുധങ്ങളുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി. വാഴോട് സ്വദേശി നിസാമിനെയാണ് (42) എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച രാത്രി 9ഓടെ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്നുമാണ് രണ്ട് കാറുകളിലായി എത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്.
കിളിമാനൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമിനെ തിരുവനന്തപുരം, കൊല്ലം റൂറൽ ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കി കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ബുധനാഴ്ച രാത്രി രഹസ്യമായി എത്തിയ നിസാം സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെയാണ് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
സംഘം കാറിൽ വച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ച നിസാമിനെ പുലർച്ചെ അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ച് ജീവനക്കാരുടെ ഫോണിൽ ബന്ധുക്കളെ വിവരം അറിയിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ട സംഘം നിസാമിനെ ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടു പോവുകയുമായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ ഈ വിവരം അങ്കമാലി പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
ഇവർ കിളിമാനൂർ പൊലീസിന് വിവരം നൽകി. ഇന്നലെ രാവിലെ ബന്ധുക്കൾ നിസാമിനെ തട്ടിക്കൊണ്ടുപോയതായി കാട്ടി കിളിമാനൂർ പൊലീസിൽ പരാതി നൽകി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കല്ലമ്പലം സ്വദേശി കർണൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിസാമിനെ തട്ടിക്കൊണ്ടുപോയതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഘത്തെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.