
തിരുവനന്തപുരം: കേരളത്തിലെ മികച്ച രണ്ട് ചിത്രകാരന്മാരുടെ സംഗമവേദിയായി തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവൽ.ആർട്ടിസ്റ്റ് ബി.ഡി.ദത്തനും നേമം പുഷ്പരാജും ഒരുമിച്ചുള്ള ചിത്രപ്രദർശനമാണ് ഇന്നലെ തൈക്കാട് ഗണേശത്തിൽ ആരംഭിച്ചത്.ബി.ഡി.ദത്തൻ,നേമം പുഷ്‌പരാജ് ആർട്ടിസ്റ്റ് ഭട്ടതിരി, കാരയ്ക്കാമണ്ഡപം വിജയകുമാർ,വേണു തെക്കേമഠം,ടി.സി.രാജൻ എന്നിവർ ചേർന്ന് കാൻവാസിൽ ചിത്രം വരച്ചാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. പ്രകൃതിയുടെ സ്വപ്നസദൃശ ഭാവങ്ങളാണ് ബൊട്ടാണിക്കൽ ഫാന്റസി എന്ന സീരീസിലൂടെ ബി.ഡി.ദത്തൻ വരച്ചുകാട്ടുന്നത്. 11 ചിത്രങ്ങളാണ് ദത്തന്റേതായി പ്രദർശനത്തിനുള്ളത്. ഈ പരമ്പരയിലെ ചിത്രങ്ങളുടെ തലസ്ഥാനത്തെ ആദ്യ പ്രദർശനമാണിത്. സാമൂഹിക പ്രശ്നങ്ങളും രാഷ്ട്രീയവുമൊക്കെയാണ് 'ഡിസ്‌റ്റോപ്പിയ' എന്ന പേരിലുള്ള നേമം പുഷ്പപരാജിന്റെ കാൻവാസിൽ വിരിയുന്നത്. മൂല്യച്യുതി സംഭവിക്കുന്ന സമൂഹത്തിന്റെ നേർക്കാഴ്ചയാണ് പുഷ്പരാജിന്റെ 12 ചിത്രങ്ങളിലുള്ളത്. കോടതികളിലെ അനീതി, സ്‌ത്രീപീഡനം തുടങ്ങിയവയെല്ലാം ചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ട്. 8 വരെ വൈകിട്ട് നാല് മുതൽ 9 വരെയാണ് പ്രദർശനം.