ശ്രീകാര്യം: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെ ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തു. കഴക്കൂട്ടം മേനംകുളം കരിയിൽ പ്ലാവിലകത്ത് വീട്ടിൽ സുജിത്താണ് (18) അറസ്റ്റിലായത്. കൂട്ടുപ്രതി പ്രായപൂർത്തിയാകാത്ത ആളാണ്. എട്ടാംതീയതി വൈകിട്ട് 6 ന് സ്കൂട്ടറിലെത്തിയ ഇവർ ശ്രീകാര്യം എൻജിനിയറിംഗ് കോളേജ് മെൻസ് ഹോസ്റ്റലിലെത്തി നാല് മുറികളിൽ ഉണ്ടായിരുന്ന 5 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും മോഷ്ടിച്ചു കടന്നുകളഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം നടത്തവെ, കഴക്കൂട്ടം എ.സി.പി. ഹരി സി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടത്തുവച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാളയത്തുനിന്ന് മോഷ്ടിച്ച ബൈക്കിലാണ് എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിലെത്തിയത്. ഫോണുകൾ ബീമാപള്ളിക്ക് സമീപത്തെ കടയിൽ വിൽക്കുകയും ലാപ്ടോപ്പ് കഴക്കൂട്ടം തെറ്റിയാർ തോട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. മോഷ്ടിച്ച വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. ശ്രീകാര്യം എസ് എച്ച് ഒ കെ. ആർ. ബിജു, എസ്. ഐ മാരായ ബിനോദ് കുമാർ ജെ, പ്രശാന്ത്, അനൂപ്, സി പി ഒ മാരായ ഷേർഷാ ഖാൻ, വിനീത്, പ്രശാന്ത്, ഗോപകുമാർ എന്നിവർ അടങ്ങിയതായിരുന്നു പൊലീസ് സംഘം.