
തിരുവനന്തപുരം: കേരള പൊലീസിന്റെ 'പോൽ" മൊബൈൽ ആപ്പിന് സംസ്ഥാന സർക്കാരിന്റെ മികച്ച മൊബൈൽ ഗവേർണൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം. ഇന്ന് ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും. പൂട്ടികിടക്കുന്ന വീടുകളിൽ മോഷണം പെരുകിയ സാഹചര്യത്തിലാണ് 2020ൽ ആപ്പ് പുറത്തിറക്കിയത്. ആപ്പിലെ മോർ സർവീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജനങ്ങൾക്ക് വിവരങ്ങൾ നൽകാം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്രോളിംഗും സുരക്ഷയും ക്രമീകരിക്കാൻ പൊലീസ് നടപടി സ്വീകരിക്കും. ഇതുവരെ 2945 പേർ ഇതിലൂടെ സുരക്ഷ ഉറപ്പാക്കി. കണ്ണൂർ ജില്ലയിൽ 450 പേരും തിരുവനന്തപുരത്ത് 394പേരും എറണാകുളത്ത് 285പേരും ഈ സംവിധാനം വിനിയോഗിച്ചിട്ടുണ്ട്.
പോൽ ആപ്പിനൊപ്പം കുടുംബശ്രീയുടെ ഗ്രാൻഡ് കെയർ പദ്ധതിക്കും ഈ വിഭാഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു.
ഏറ്റവും നല്ല ഇ- ഗവേർണൻസ്, ഇ- ആരോഗ്യം ഇ-മെഡിസിൻ, കൊവിഡ് പാൻഡമിക് മാനേജ്‌മെന്റ് ഇന്നോവേഷൻസ് എന്നീ പുരസ്‌കാരങ്ങൾ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചു.
ഇ- സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിലെ ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയും കേരള ഹൈക്കോടതിയും പങ്കിട്ടു.
ഇ- ലേണിംഗ് വിഭാഗത്തിലെ ഒന്നാംസ്ഥാനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും കാലിക്കറ്റ് സർവകലാശാലയുടെ ഇ.എം.എം.ആർ.സിയും പങ്കിട്ടു.
കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ വെബ്‌സൈറ്റിനെ ഏറ്റവും നല്ല വെബ്‌സൈറ്റായി തിരഞ്ഞെടുത്തു.
സംസ്ഥാനത്തെ ഏറ്റവും നല്ല അക്ഷയ സെന്ററായി സി.സരിതയുടെ പേരിലുള്ള കോഴിക്കോട് പുഷ്പാ ജംഗ്ഷനിലെ അക്ഷയയെ തിരഞ്ഞെടുത്തു. ആകെ 10 ഇ- ഗവേർണൻസ് വിഭാഗങ്ങൾക്കാണ് പുരസ്‌കാരം.