d

തിരുവനന്തപുരം: പുതിയ ടൂറിസംകേന്ദ്രങ്ങളെ കണ്ടെത്തി വികസിപ്പിച്ചും നിലവിലുള്ളവയെ ആഗോളനിലവാരത്തിലേക്ക് ഉയർത്തിയുമാണ് കൊവിഡ് പ്രതിസന്ധിയിൽ നിന്ന് അതിവേഗം കേരളം തിരിച്ചുവന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്തോ-റഷ്യൻ ട്രാവൽ ആൻഡ് ടൂറിസം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളവും റഷ്യയും തമ്മിൽ അഭേദ്യബന്ധമാണുള്ളത്. സോവിയറ്റ് യൂണിയന്റെ കാലത്ത് തുടങ്ങിയ ബന്ധം റഷ്യൻ ഫെഡറേഷനുമായും തുടരുന്നു. കേരളത്തിൽ നിന്ന് റഷ്യ സന്ദർശിക്കുന്നവരുടെ എണ്ണവും ഏറുകയാണ്. ഇരു രാജ്യങ്ങളുടെയും ടൂറിസം വ്യവസായത്തിൽ നിർണായകപങ്ക് ഇന്തോ-റഷ്യൻ ട്രാവൽ ആൻഡ് ടൂറിസം ഫെയറിന് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ടൂറിസം ഡയറക്ടർ പി.ബി.നൂഹ്, റഷ്യൻ ഹൗസ് ഡെപ്യൂട്ടി ഡയറക്ടർ കവിതാ നായർ, ദക്ഷിണേന്ത്യ റഷ്യൻ കോൺസുലർ ജനറൽ ഒലെഗ് അവ്ദീവ്, റഷ്യൻ ഫെഡറേഷൻ ഓണററി കോൺസൽ ഡയറക്ടർ രതീഷ് നായർ, റഷ്യൻ സർക്കാർ പ്രതിനിധി സ്ലാറ്റ അന്റഷേവ, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു, എസ്.കെ.എച്ച്.എഫ് വൈസ് പ്രസിഡന്റ് എം.ആർ.നാരായണൻ എന്നിവർ സംസാരിച്ചു.

റഷ്യൻ ഫെഡറേഷൻ ഓണററി കോൺസുലേറ്റ്, റഷ്യൻ ഹൗസ്, റഷ്യൻ എംബസി, സംസ്ഥാന ടൂറിസംവകുപ്പ് എന്നിവ സംയുക്തമായാണ് ഫെയർ സംഘടിപ്പിച്ചത്.