തിരുവനന്തപുരം: ആത്മീയതയിൽ വേരൂന്നിയാണ് ഇന്ത്യ വികസനക്കുതിപ്പ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോട്ടയ്ക്കകം വൈകുണ്ഠത്ത് നടക്കുന്ന 38-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ തീം സോംഗ് 'മധുരം ഭാഗവതം" അഭേദാശ്രമം ഹാളിൽ പുറത്തിറക്കുകയായിരുന്നു അദ്ദേഹം.
സർവ്വവേദാന്ത സാരമാണ് ഭാഗവതം. ഒരു രാജ്യത്തിനും ഇല്ലാത്ത ആത്മീയ പാരമ്പര്യം ഭാരതത്തിനുണ്ട്. ഹൈന്ദവ ആചാരങ്ങളും ആരാധനാലയങ്ങളും വെല്ലുവിളി നേരിടുന്ന കാലമാണിത്. ഈ വെല്ലുവിളികളെ നേരിടാൻ ഇത്തരം വേദികൾ സജീവമാകണം- അദ്ദേഹംപറഞ്ഞു.
ഭാഗവത മഹാസത്രം നിർവഹണ സമിതി ചെയർമാൻ ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. രക്ഷാധികാരി റാണി മോഹൻദാസ്, വൈസ് ചെയർമാൻ എം. ഗോപാൽ, അഡ്വ. പി.എസ് ശ്രീകുമാർ, ജി.വിജയകുമാർ, ജയശ്രീ ഗോപാലകൃഷ്ണൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ശ്രീവത്സൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് കൈതപ്രം ദീപാങ്കുരൻ സംഗീതം നൽകി ഡോ. ഭാവന രാധാകൃഷ്ണനും കൈതപ്രം ദീപാങ്കുരനും ചേർന്നാണ് മധുരം ഭാഗവതം തീം സോംഗ് തയ്യാറാക്കിയത്.