saigramam

ആറ്റിങ്ങൽ: സായിഗ്രമത്തിൽ നടക്കുന്നത് ക്ഷേമ പ്രവർത്തനങ്ങളുടെ നിശബ്ദ വിപ്ലവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തോന്നയ്ക്കൽ സായിഗ്രാമിൽ സത്യസായി ബാബയുടെ ജന്മദിനാഘോഷങ്ങളുടെ സമാപനവും സമൂഹവിവാഹവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം മഹാത്മജി സ്വപ്നം കണ്ട ഗ്രാമ സ്വരാജ് യാഥാർത്ഥ്യമാക്കുകയും ചെയ്തു. വൈദ്യുതി ഉൾപ്പെടെ എല്ലാം സ്വയം ഉത്പാദിപ്പിക്കാൻ സായിഗ്രാമത്തിന് കഴിഞ്ഞു. ട്രസ്റ്റിന് നേതൃത്വം നൽകുന്ന ആനന്ദകുമാറും വോളന്റിയർമാരും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, ഗോപകുമാരൻ നായർ, മുട്ടത്തറ വിജയകുമാർ, ഡോ. ശ്രീകുമാർ, ശ്രീകാന്ത് പി. കൃഷ്ണൻ, ഡോ. വി. വിജയകുമാർ എന്നിവർ സംസാരിച്ചു. പാലക്കാട് നിന്നുള്ള ആദിവാസി യുവതി, യുവാക്കളുടെ വിവാഹം ചടങ്ങിൽ നടന്നു.