തിരുവനന്തപുരം: ഇടതുഭരണത്തിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. മേയർ ആര്യാരാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന സത്യഗ്രഹത്തിന്റെ 28ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേയർക്കെതിരായ അന്വേഷണം പ്രഹസനമാണ്. വിജിലൻസ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ചു . സർവമേഖലയിലും സ്വജനപക്ഷപാതവും അഴിമതിയുമാണ്. വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയും വിശ്വാസ്യതയും സർക്കാർ തകർത്തു. സർവകലാശാലകളിലെ വഴിവിട്ട നിയമനങ്ങളെ മുഖ്യമന്ത്രിയുടെ ശുപാർശയിൻമേൽ അംഗീകാരം നൽകിയ ഗവർണർ അവയെ പ്രോത്സാഹിപ്പിച്ചു. സി.പി.എമ്മിന്റെ കേന്ദ്രീകൃത വേദിയായി സർവകലാശാലകളെ മാറ്റിയെന്നും സുധാകരൻ പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, ജി.എസ്.ബാബു, കെ.ജയന്ത്, മര്യാപുരം ശ്രീകുമാർ, ജി.സുബോധൻ, കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ, വി.എസ്.ശിവകുമാർ, ശരത്ചന്ദ്ര പ്രസാദ്, വർക്കല കഹാർ, എം.എ. വാഹിദ്, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഭിലാഷ് ആർ.നായർ, സി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.