
ശിവഗിരി : തീർത്ഥാടന മാസം ആരംഭിച്ചതോടെ, ശിവഗിരിയിൽ ഭക്തജനങ്ങളുടെ
ഒഴുക്ക് വർദ്ധിച്ചു. ശനി, ഞായർ ദിവസങ്ങളിലും മാസ, ചതയദിനത്തിലും എത്തുന്നവരുടെ എണ്ണവും തീർത്ഥാടന ദിവസങ്ങളെ ഓർമ്മിപ്പിക്കും വിധമാണ്. ഞായറായഴ്ചകളിലെയും, ചതയ ദിനങ്ങളിലെയും സത്സംഗത്തിലും സംബന്ധിച്ച് അന്നദാനത്തിലും പങ്കെടുത്താണ് ഭക്തരുടെ മടക്കം.
ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ സംസ്ഥാനത്തിനകത്തും,
പുറത്തും,വിദേശ രാജ്യങ്ങളിലും നിന്ന് മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്നു. ഇവർക്കായി പർണ്ണശാലയിലും ശാരദാമഠത്തിലും, മഹാസമാധി പീഠത്തിലും ഗുരുപൂജാ മന്ദിരത്തിലും പ്രത്യേക പൂജകളും സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും നടത്തുന്നുണ്ട്. മഹാഗുരുപൂജയിൽ നേരിട്ട് പങ്കെടുക്കാൻ പറ്റാത്തവർക്ക് മഹാപ്രസാദം തപാൽ മാർഗം ലഭ്യമാകുന്നതിനും ക്രമീകരണമുണ്ട്.
വിദ്യാദേവതയായ ശിവഗിരിയിലെ ശാരദാദേവി സന്നിധിയിൽ നിന്നും വിദ്യാർത്ഥികൾക്ക് പൂജിച്ച പേന പ്രസാദമായി ലഭിക്കും. വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തി ഇവിടെ പ്രാർത്ഥന നടത്തിവരുന്നു. തീർത്ഥാടകരെ വരവേൽക്കാൻ ശിവഗിരിയിൻ വൻ ഒരുക്കങ്ങളാണ്
നടക്കുന്നത്.
ശിവഗിരി തീർത്ഥാടനം
പദയാത്രകൾ രജിസ്റ്റർ ചെയ്യാം
ശിവഗിരി : തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇനിയും പദയാത്രകൾ രജിസ്റ്റർ ചെയ്യാനുള്ളവർ വൈകാതെ ശിവഗിരി മഠത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പദയാത്രികർക്ക് താമസവും ഭക്ഷണക്രമീകരണവും ചെയ്യേണ്ടതുള്ളതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണം, തീയതി സഹിതം വിവരം നൽകണമെന്ന് ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447551499