
തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വസ്തു തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാനുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് താത്കാലിക ജീവനക്കാരുടെ പുനർനിയമന നടപടികൾ തുടങ്ങി.
കടലാസ് അപേക്ഷകൾ തീർപ്പാക്കിയ മാതൃകയിൽ കുന്നുകൂടുന്ന ഓൺലൈൻ അപേക്ഷകളുടെ നടപടിയും പൂർത്തിയാക്കുകയാണ് റവന്യുവകുപ്പിന്റെ ലക്ഷ്യം. അതിനാണ് നേരത്തെ നിയമിച്ചവർക്കും വീണ്ടും നിയമനം നൽകുന്നത് ഇനി ഇവർക്ക് ടെസ്റ്റും അഭിമുഖവും ഉണ്ടാവില്ല.
ഒന്നര ലക്ഷത്തോളം കടലാസ് അപേക്ഷകൾ തീർക്കാൻ എംപ്ളോയ്മെന്റ് എക്സേഞ്ചുകൾ മുഖേന 972 പേരെയാണ് റവന്യു വകുപ്പ് നിയമിച്ചത്. 300 വാഹനങ്ങളും വാടകയ്ക്ക് എടുത്തു.തുടർച്ചയായി 179 പ്രവൃത്തി ദിവസങ്ങളിലാണ് ഇവരുടെ സേവനം. നവംബർ 30 ന് പ്രത്യേക യജ്ഞത്തിന്റെ സമയം അവസാനിച്ചതോടെ ഇവരിൽ നല്ലൊരു പങ്കിന്റെയും സേവനകാലാവധി തീർന്നു. താമസിച്ച് ജോലിയിൽ പ്രവേശിച്ചവരാണ് ഇനി ശേഷിക്കുന്നത്. ഓൺലൈൻ അപേക്ഷകളുടെ എണ്ണവും 1,60,000 കവിഞ്ഞിട്ടുണ്ട്.