
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സ്ത്രീകളുടെ സമകാലിക ജീവിതത്തെ ആസ്പതമാക്കി വനിതകൾ സംവിധാനം ചെയ്ത 32 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ ഉക്രൈൻ ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്‌നാം ചിത്രം മെമ്മറിലാൻഡും ഉൾപ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാർഥ്യങ്ങളാണ് ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറീന എർ ഗോർബച് ചിത്രം ക്ലൊണ്ടൈക്കിന്റെ പ്രമേയം.പ്രേതങ്ങളുള്ള പ്രദേശത്ത് ഏകയായി കഴിയുന്ന യുവവിധവയുടെ കഥയാണ് ബുയി കിം ക്വിയ സംവിധാനം ചെയ്ത മെമ്മറി ലാൻഡ്.
19(1)(എ) എന്ന ഇന്ദു വി.എസ് ചിത്രം,കുഞ്ഞില മാസിലാമണി ചിത്രം അസംഘടിതർ എന്നീ രണ്ട് മലയാള ചിത്രങ്ങളും ഓറ്റർ ഓട്‌സ് വിഭാഗത്തിലെ ബോത്ത് സൈഡ്‌സ് ഒഫ് ദി ബ്ലേഡ്/ഫയർ,കലെയ്‌ഡോസ്‌കോപ്പ് വിഭാഗത്തിലെ നന്ദിതാ ദാസ് ചിത്രം സ്വിഗാറ്റോ,ബേലാ താറിനൊപ്പം ആഗ്‌നസ് റെനസ്‌കി സംവിധാനം ചെയ്ത ദ ട്യൂറിൻ ഹോഴ്‌സ്,വെർക്ക്മീസ്റ്റർ ഹാർമണീസ് തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യക്കാരായ വനിതകൾ ഒരുക്കിയിട്ടുള്ളതാണ്.മിയ ഹാൻസെൻലു ചിത്രം വൺ ഫൈൻ മോർണിംഗ്,മറിയം തുസാനിയുടെ ദ ബ്ലൂ കഫ്താൻ,മാരീ ക്രോയ്ട്‌സാ,കോസ്റ്റാറിക്കൻ സംവിധായിക വാലൻറ്റീന മൗരേൽ,അല്ലി ഹാപസലോ,കാർല സിമോൺ,ജൂലിയ മുറാദ് തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും.
സെർബിയൻ നവതരംഗ കാഴ്ചകളുമായി ആറു ചിത്രങ്ങൾ
സെർബിയയിലെ വർത്തമാനകാല രാഷ്ട്രീയവും ജീവിതാവസ്ഥകളുമുൾക്കൊള്ളുന്ന ആറു നവതരംഗ ചിത്രങ്ങൾ മേളയിലെത്തും.ത്രികോണപ്രണയത്തിന്റെ കഥ പറയുന്ന ഓസ്‌കാർ നോമിനേഷൻ ലഭിച്ച ഇവാൻ ഇകിക്ക് ചിത്രം ഒയാസിസ്,ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ മിലോസ് പുസിച് സംവിധാനം ചെയ്ത വർക്കിംഗ് ക്ലാസ്സ് ഹീറോസ് തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
കാൻ പുരസ്കാരം നേടിയ 'ബോയ് ഫ്രം ഹെവൻ'
ലോക സിനിമാ വിഭാഗത്തിൽ ഈജിപ്തിലെ മത-രാഷ്ട്രീയം പ്രതിസന്ധിയിലാക്കിയ വിദ്യാർഥിയുടെ ജീവിതം പ്രമേയമാക്കിയ പൊളിറ്റിക്കൽ ത്രില്ലർ 'ബോയ് ഫ്രം ഹെവൻ' പ്രദർശിപ്പിക്കും.വിഖ്യാത സ്വീഡിഷ് സംവിധായകനായ താരിഖ് സലേ സംവിധാനം ചെയ്ത ചിത്രത്തിന് കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.ഉന്നത വിദ്യാഭ്യാസത്തിനായി കെയ്‌റോയിൽ എത്തുന്ന സാധാരണക്കാരനായ വിദ്യാർത്ഥിക്ക് യാഥാസ്ഥിതികരായ മേധാവികളാൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങളാണ് ചിത്രത്തിൽ.