touch-me-not

തിരുവനന്തപുരം: സ്ത്രീയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിക്കുന്നതും അത്തരത്തിലുള്ള മോശം സ്‌പ‌ർശനങ്ങളിലൂടെ നേരിടേണ്ടിവരുന്ന നിയമനടപടികളെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും സാമൂഹിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോസഫ് സ്‌കൂളിലെ അദ്ധ്യാപകരും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ചേർന്നൊരുക്കിയ 'ടച്ച് മീ നോട്ട്"പോസ്റ്റർ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

26 മിനിട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ടി.വി.എം പ്രൊഡക്ഷൻ ബാനറിൽ അതേ സ്‌കൂളിലെ ബയോളജി അദ്ധ്യാപകനായ സ്റ്റാലിൻ ജി. അലക്സാണ്ടറാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. തിരക്കഥ: സിബിച്ചൻ കൊല്ലം. മുൻഷി താരം രഞ്ജിത്ത്, മിനിസ്ക്രീൻ താരങ്ങളായ വിനീത, ബിജു, ഡെയ്സൺ തോമസ് എന്നിവർക്കൊപ്പം സ്‌കൂളിലെ 80ഓളം എസ്.പി.സി കേഡറ്റുകളും അഭിനയിച്ചിട്ടുണ്ട്. അരവിന്ദും അനന്തുവുമാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. പൂർവ വിദ്യാർത്ഥിയായ ഫെൻസിനും അനൂപും ചേർന്നൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് മറ്റൊരു പൂർവ വിദ്യാർത്ഥിയായ വിറോ വിശ്വംഭരനാണ്. ഷോർട്ട് ഫിലിം ഉടൻ തന്നെ യുട്യൂബിൽ ലഭ്യമാകും. സെന്റ് ജോസഫ് സ്‌കൂളിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു, ഡി.ഇ.ഒ സുരേഷ് ബാബു, സ്കൂൾ പ്രിൻസിപ്പൽ സുനിൽ കുമാർ മൊറൈസ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷമ്മി ലോറൻസ്, എസ്.പി.സി ഓഫീസർമാരായ ബിനു ആന്റണി, ഷാജി കുമാർ തുടങ്ങിയവർ പങ്കെടുത്തു.