തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷം സർക്കാരിന്റെ തിരക്കഥയെന്ന് ആവർത്തിച്ച് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. പദ്ധതി പ്രദേശത്തെ സുരക്ഷയ്‌ക്കായി കേന്ദ്രസേനയെ വിളിച്ചതിലൂടെ സംസ്ഥാനസേന പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സമാധാനം കാത്തുസൂക്ഷിക്കുന്നതിൽ ഇതുവരെ യാതൊരു ചർച്ചയും നടന്നിട്ടില്ല. മത്സ്യത്തൊഴിലാളികളെ തീവ്രവാദികളാക്കി ചിത്രീകരിച്ചതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽ ഉറച്ച വിശ്വാസമുണ്ട്,​ എന്നാൽ സർക്കാരിന്റെ ചർച്ചകളിൽ ഞങ്ങൾക്ക് വിശ്വാസം നഷ്‌ടമായി. പദ്ധതി വേണ്ടെന്ന് സഭ പറഞ്ഞിട്ടില്ല. ശാസ്ത്രീയ പഠനം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുകയാണ് വേണ്ടത്. സമാധാന ചർച്ചകളിൽ അധിക്ഷേപമുണ്ടായെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും യൂജിൻ പെരേര പറഞ്ഞു.

സർക്കാർ നടപടി അപലപനീയം:

ഐക്യദാർഢ്യ സമിതി

അദാനി തുറമുഖത്തിന് സംരക്ഷണമൊരുക്കാൻ കേന്ദ്രസേനയെ അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എതിർപ്പില്ലെന്ന തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐക്യദാർഢ്യ സമിതി ജില്ലാ കൺവീനർ ഒ.ജി. സജിത പറഞ്ഞു. സമര നേതാക്കൾക്കെതിരെയും വൈദികർക്കെതിരെയും കേസുകളെടുത്ത് പ്രകോപനം സൃഷ്‌ടിച്ച് സമാധാനാന്തരീക്ഷം തകർക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു.