general

പാറശാല: കേരളത്തിലെ പൊതുവിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതോടൊപ്പം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുളത്തൂർ ഉച്ചക്കട വിരാലി വിമലഹൃദയ സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂറ് വർഷങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പുനലൂർ രൂപതാ മെത്രാൻ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ അദ്ധ്യക്ഷത വഹിച്ചു. മദർ സുപ്പീരിയർ ജനറൽ റെക്സിയ മേരി അനുഗ്രഹ പ്രഭാഷണം നടത്തി. എം.എൽ.എമാരായ കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ,എം.വിൻസെന്റ്,ഐ.ബി.സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സരേഷ്‌കുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ,എ.ഇ.ഒ ആർ.ബാബു, പാറശാല ഉപജില്ലാ ഓഫീസർ കെ.ദേവപ്രസാദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കവി രാജൻ വി.പൊഴിയൂർ സ്‌കൂൾ സ്ഥാപക മാനേജർ അനുസ്മരണ കവിതാ സമർപ്പണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐഫിൻ മേരി സ്വാഗതം പറഞ്ഞു. ലോക്കൽ മാനേജർ സിസ്റ്റർ ആഗ്നറ്റ മേരി, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജുനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, പി.ടി.എ പ്രസിഡന്റ് സി.സന്തോഷ് രാജ്, അജിത് പൊഴിയൂർ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം, എസ്.എം.സി ചെയർമാൻ ബിനു.എസ്, എൽ.പി.എസ്.പി.ടി.എ പ്രസിഡന്റ് ബിനു.കെ,ഹെഡ്മിസ്ട്രസ് സിസ്റ്റർ നിസറ്റാ മേരി തുടങ്ങിയവർ പങ്കെടുത്തു.