aa

തിരുവനന്തപുരം: സോഷ്യൽ മീഡിയ അതിപ്രസരം എങ്ങനെ സമൂഹ വിപത്തായി മാറുമെന്നത് വ്യക്തമാക്കുന്ന സിനിമ 'ഖെദ്ദ' പ്രദർശനത്തിന്റെ ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടി. വിദ്യാർത്ഥികളും യുവാക്കളുമുൾപ്പെടെ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് ഖെദ്ദയെന്ന് പ്രേക്ഷകർ പറയുന്നു.

'ഖെദ്ദ' എന്ന കന്നഡ വാക്കിന് കെണി എന്നാണർത്ഥം. ഒരമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രതയാർന്ന മുഹൂർത്തങ്ങൾ കൊണ്ട് മനസ്സ് നിറയ്ക്കുന്ന ചിത്രം കൂടിയാണിത്. ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായ ആശാ ശരത്തിന്റെ മകൾ ഉത്തര ആദ്യമായി വെള്ളിത്തിരയിലെത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേക്ഷകർക്കൊപ്പം സിനിമയുടെ ആദ്യ പ്രദർശനം കാണാൻ കൊച്ചിയിലെ തിയേറ്ററിൽ ആശാ ശരത്തും ഉത്തരയും എത്തിയിരുന്നു.

ഐശ്വര്യ എന്ന കൗമാരിക്കാരിയായി ഉത്തരയെയും, മകളെ ചതിക്കുഴിയിൽനിന്ന് രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന അമ്മയും അംഗൻവാടി ടീച്ചറുമായ സവിതയായി ആശാ ശരത്തിനേയും പ്രേക്ഷകർ കാണുന്നത് അവരുടെ പരിസരങ്ങളിൽ നിന്നു തന്നെയാണ്.

കാണികളെ പിടിച്ചിരുത്തുന്ന രീതിയിൽ ചിത്രത്തിന്റെ കാമറ പ്രതാപ് പി. നായർ കൈകാര്യം ചെയ്തിരിക്കുന്നു. ത്രില്ലർ മൂഡിലുള്ള ചിത്രത്തിന് മികച്ച സംഗീതമൊരുക്കിയത് ബിജിബാലാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ലോകകപ്പ് കാണാൻ ഖത്തറിൽ പോകാം

'ഖെദ്ദ' കാണുന്നവർക്ക് ലോക കപ്പ് കാണാൻ അക്ബർ ട്രാവൽസ് അവസരം ഒരുക്കുന്നു. ചിത്രം കാണാനുള്ള ടിക്കെറ്റെടുത്ത് അതിന്റെ പുറകിൽ സ്വന്തം പേരും മൊബൈൽ നമ്പരും എഴുതി തിയേറ്ററിൽ വച്ചിട്ടുള്ള ബോക്‌സിൽ നിക്ഷേപിക്കണം. 10നുള്ള ഷോ വരെയാണ് അവസരം.12 ന് വിജയികളെ പ്രഖ്യാപിക്കും. ഖത്തറിലേക്കുള്ള വിമാന ടിക്കറ്റും മത്സരം കാണാനുള്ള പാസും ലഭിക്കും.