green-tribunal

ശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരം

തിരുവനന്തപുരം : കേരളത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അംഗീകാരം. സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ട്രൈബ്യൂണൽ ഒരു രൂപ പോലും പിഴ ചുമത്തിയില്ല. മഹാരാഷ്ട്രയ്ക്ക് 12,000കോടി രൂപയാണ് പിഴ ചുമത്തിയത്.

വർഷംതോറും ട്രൈബ്യൂണൽ എല്ലാ സംസ്ഥാനങ്ങളിലെയും ശുചിത്വ പ്രവർത്തനങ്ങൾ വിലയിരുത്തി പിഴവുകൾക്ക് വൻതുക പിഴ ചുമത്താറുമുണ്ട്. കഴിഞ്ഞവർഷത്തെ വിലയിരുത്തലിലാണ് സംസ്ഥാനത്തിന് നേട്ടം ലഭിച്ചത്.

ഖരദ്രവ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള കേരളത്തിന്റെ പ്രവർത്തനങ്ങൾ ഹരിത ട്രൈബ്യൂണൽ വിധിയിൽ പ്രത്യേകം പരാമർശിച്ചു. ദ്രവമാലിന്യം കൈകാര്യം ചെയ്യാൻ കേരളം 2343.18 കോടിയുടെ പദ്ധതികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഗ്യാപ് ഫണ്ടായി 84.628 കോടിയും നീക്കിവെച്ചു. സമയബന്ധിതമായി മാലിന്യ സംസ്‌കരണപദ്ധതികൾ പൂർത്തിയാക്കണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

പിഴ ( കോടിയിൽ )

മഹാരാഷ്ട്ര 12,000

തെലങ്കാന 3800

പശ്ചിമ ബംഗാൾ 3500

രാജസ്ഥാൻ 3000

കർണാടക 2900

പഞ്ചാബ് 2080

ഡൽഹി 900

'ജനങ്ങളെവിശ്വാസത്തിലെടുത്ത് സംസ്ഥാനത്ത് ഉടനീളം മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കും. 2026ഓടെ സമ്പൂർണ ശുചിത്വ കേരളം സാദ്ധ്യമാക്കും.'

-എം.ബി.രാജേഷ്

തദ്ദേശമന്ത്രി