ഈ മാസം അവസാനത്തോടെ പൈപ്പിടൽ
തിരുവനന്തപുരം: നഗരത്തിലെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ചാക്ക ഈഞ്ചയ്ക്കൽ ദേശീയപാത വെട്ടിമുറിക്കും. ഇതിനായി ദേശീയപാത അതോറിട്ടി സിറ്റി ഗ്യാസ് പദ്ധതിയുടെ നടത്തിപ്പ് കമ്പനിയായ എ.ജി ആൻഡ് പിക്ക് അനുമതി നൽകി. ചാക്ക വാർഡിലും നഗരത്തിലെ പ്രധാനപ്പെട്ട മറ്റ് വാർഡുകളിലേക്കുമുള്ള ഗ്യാസെത്തിക്കുന്നത് ഈ പൈപ്പ് ലൈൻ വഴിയാണ്.
റോഡ് വെട്ടിമുറിക്കുന്നതിനുള്ള അപേക്ഷ മാസങ്ങൾക്ക് മുമ്പ് കമ്പനി സമർപ്പിച്ചെങ്കിലും സാങ്കേതിക തടസങ്ങൾ കാരണമാണ് അനുമതി വൈകിയത്. ദേശീയപാത അതോറിട്ടി അധികൃതർ കഴിഞ്ഞ ദിവസം വെട്ടിമുറിക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു. ഈ മാസം അവസാനത്തോടെ റോഡ് കുഴിച്ച് പൈപ്പിടാനാണ് പദ്ധതി. അറ്റകുറ്റപ്പണികൾ വരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി ഗുണമേന്മ കൂടുതലുള്ള പൈപ്പുകളാണ് റോഡിന് കുറുകെ ആഴത്തിലിടുന്നത്.
സിറ്റി പൊലീസ് കമ്മിഷണർ, ട്രാഫിക്ക് കമ്മിഷണർ, ജില്ലാ കളക്ടർ എന്നിവരുമായി ചർച്ച ചെയ്‌തശേഷം റോഡ് കുഴിക്കുന്ന ദിവസം തീരുമാനിക്കും. ഗതാഗത തിരക്ക് കൂടുതലുള്ള സ്ഥലമായതുകൊണ്ട് രാത്രിയിൽ ജോലികൾ ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ജോലികൾ ചെയ്യുന്ന സമയത്ത് ഇവിടെ ഗതാഗത നിയന്ത്രണവുമുണ്ടാകും. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ രണ്ടുദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഈ പ്രധാന പൈപ്പിടൽ കഴിഞ്ഞാൽ എത്രയും വേഗം മറ്റ് നഗര വാർഡുകളിൽ കണക്ഷൻ നൽകാനുള്ള നടപടികൾ ആരംഭിക്കാൻ കഴിയുമെന്ന് സിറ്റി ഗ്യാസ് അധികൃതർ പറഞ്ഞു.