തിരുവനന്തപുരം: നിയമനിർമ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ പുനർവിചിന്തനം നടത്തണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം ലയോള കോളജിൽ ലിംഗസമത്വ വൈരുദ്ധ്യത്തെക്കുറിച്ചുള്ള പുസ്‌തകപ്രകാശനവും സിമ്പോസിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിനഞ്ചാം കേരള നിയമസഭയിൽ പതിനഞ്ച് വനിതകൾ പോലുമില്ല. ഇന്ത്യയുടെ പ്രഥമപൗരയായി ആദിവാസി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു വനിതയെ കണ്ടെത്തിയതുവഴി ബി.ജെ.പി വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. പുരോഗമന പ്രസ്ഥാനങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവർ അവരവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് പദവി നൽകുന്ന കാര്യം വരുമ്പോൾ പിന്നാക്കം വലിയുന്നത് കാണാം. ജെൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുമാത്രം കാര്യമാകുന്നില്ലെന്നും കേരളത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമം കൂടിവരുന്നത് സർക്കാർ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.