
വിതുര: വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിൽ കല്ലുപാറയിൽ താമസിക്കുന്ന ആദിവാസികൾക്ക് ഇനിസുഗമമായി വഴി നടക്കാം. റോഡ് എന്ന ഇവരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം ഒടുവിൽ പൂവണിഞ്ഞു. കല്ലുകൾ നിറഞ്ഞ കല്ലുപാറയിലേക്കുള്ള ദുർഘടപാതയിലൂടെ ഇവർ സഞ്ചരിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടാകുന്നു. കല്ലുപാറയിൽ അധിവസിക്കുന്നവരുടെ ദുരിതകഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതുടർന്ന് വാർഡ്‌മെമ്പർ ലതാകുമാരി പ്രശ്നം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചു. തുടർന്ന് റോഡ് ഗതാഗതയോഗ്യമാക്കാൻ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി ഉദ്ഘാടനം ഉടൻ നടക്കും. കാട്ടുമൃഗങ്ങളുമായി മല്ലടിച്ച് 23 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഇവരുടെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ അധികാരികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കല്ലുപാറ ആദിവാസിമേഖലയിലേക്ക് ഇരുചക്രവാഹനങ്ങളടക്കം ഒരു വാഹനങ്ങൾക്കും എത്താൻ കഴിയാറില്ല. ആർക്കെങ്കിലും അസുഖം വന്നാൽ മൂന്ന് കിലോമീറ്ററോളം വരുന്ന പാറകൾ നിറഞ്ഞ ദുർഘടപാതയിലൂടെ ചുമന്ന് ഇപ്പുറത്തെത്തിക്കേണ്ട സ്ഥിതിയിലായിരുന്നു. മഴക്കാലമായാൽ പിന്നെ പറയുകയും വേണ്ട.
വികസനം പേരിനുപോലുമില്ല
നിലവിൽ കല്ലുപാറയിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇവർ ചെങ്കുത്തായ കയറ്റം കയറി കിലോമീറ്ററുകൾ നടന്നാണ് ഈ പ്രദേശത്ത് എത്തേണ്ടത്. കല്ലുപാറയിലേക്ക് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ ആദിവാസികൾ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. നേരത്തെ കൊവിഡ്കാലത്ത് ദുരിതപൂർണമായ ഇവരുടെ ജീവിതം സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് വിതുര യൂണിറ്റ്, വിതുര പൊലീസ്, എസ്.പി.സി,ആദിവാസി കാണിക്കാർ സംയുക്തസംഘം അടക്കം വിവിധ സംഘടനകൾ കല്ലുപാറയിൽ സഹായങ്ങൾ എത്തിച്ചിരുന്നു. റോഡിന് പുറമേ ഇനിയും അനവധി വികസനപ്രവർത്തനങ്ങൾ ഇവിടേക്ക് കടന്നുവരാനുണ്ട്.
എം.പിയും, എം.എൽ.എയും ജില്ലാപഞ്ചായത്തും ഫണ്ട് അനുവദിക്കണമെന്നാണ് കല്ലുപാറ നിവാസികൾ ആവശ്യപ്പെടുന്നത്. ഇവിടെ വികസനം സാദ്ധ്യമാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ മുട്ടാത്ത വാതിലുകളില്ല. നൂറുകണക്കിന് നിവേദനങ്ങളാണ് നൽകിയത്. അനവധി സമരങ്ങളും അരങ്ങേറി. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർ കാര്യം സാധിച്ചാൽ ഇവരുടെ ആവശ്യങ്ങൾക്ക് നേരേ കണ്ണടയ്ക്കുകയാണ് പതിവ്. തിരഞ്ഞെടുപ്പ് ബഹിഷ്കരണം വരെ നടത്തിയെങ്കിലും നിരാശയായിരുന്നുഫലം.
കാട്ടുമൃഗശല്യവും
കല്ലുപാറമേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷമാണ്. കാട്ടാനയും കാട്ടുപോത്തും കരടിയും പന്നിയും പുലിയും വരെ ഇവിടെ നാശവും ഭീതിയും പരത്തി വിഹരിക്കുന്നു. ഉപജീവനത്തിനായി കൃഷിയിറക്കിയിരിക്കുന്ന വിളകൾ മുഴുവൻ നശിപ്പിക്കുക പതിവാണ്. കാട്ടുമൃഗശല്യം മൂലം കൃഷി അന്യമായി മാറിയതായി കല്ലുപാറ നിവാസികൾ പറയുന്നു. കാട്ടുമൃഗശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാനപ്രസിഡന്റ് മോത്തോട്ടം പി.ഭാർഗവനും സംസ്ഥാനജനറൽസെക്രട്ടറി പൊൻപാറ കെ.രഘുവും ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.