
മുടപുരം: പ്രേംനസീറിന്റെ ജന്മനാട്ടിൽ പ്രവർത്തിച്ചുവരുന്ന പ്രേംനസീർ സ്മാരക ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിലേക്ക് കയറണമെങ്കിൽ അൽപം പാടുപെടണം.
ഗ്രന്ഥശാലക്കു മുന്നിലെ ഓട നിർമ്മാണം പൂർത്തിയാക്കാത്തതാണ് പ്രശ്നത്തിന് കാരണം. പതിറ്റാണ്ടുകൾക്ക് മുൻപ് മുടപുരം ജംഗ്ക്ഷനിൽ ഗ്രന്ഥശാല മന്ദിരം നിർമ്മിക്കുന്നതിനായി പ്രേംനസീറിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മരണശേഷം സംഭാവനയായി നൽകിയ 2 സെന്റ് സ്ഥലത്താണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്.
വായനശാലയും ഗ്രന്ഥശാലയും അടങ്ങുന്ന ഈ ക്ലബിൽ 'ഉണർവ്' എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാമാസവും സാഹിത്യ ചർച്ചയും നടന്നു വരുന്നുണ്ട്. ദിവസേന നൂറുകണക്കിന് പേർക്ക് പത്രവായനയ്ക്കും മാസത്തിലൊരിക്കൽ നടക്കുന്ന ചർച്ചാ ക്ലാസിലും മറ്റുമായി ഈ ഗ്രന്ഥശാലയിൽ വന്ന് പങ്കെടുക്കേണ്ടതുണ്ട്. എന്നാൽ ഗ്രന്ഥശാലയ്ക്കു മുന്നിൽ പണിപൂർത്തിയാകാതെ കിടക്കുന്ന ഓട അപകടഭീതി സൃഷ്ടിക്കുകയാണ്.
വായനശാലയ്ക്ക് മുന്നിലെ ഓട പുനർ നിർമ്മിക്കാനായി പൊളിച്ചിട്ട് ഏതാണ്ട് ഒരുവർഷത്തോളമായി. തുടന്ന് ഓട കെട്ടുകയോ ഓടയ്ക്ക് മുകളിൽ സ്ളാബ് നിരത്തുകയോ ചെയ്തിട്ടില്ല. ഇത് വായനശാലയിൽ എത്തുന്നവർക്കും വഴിയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ചിറയിൻകീഴ് -കോരാണി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഓട പൊളിച്ചത്. ഓട പൊളിച്ച സമയത്ത് തകർന്നു വീണ തെന്നൂർക്കോണം ദുർഗ്ഗാദേവീ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി പുനഃസ്ഥാപിക്കാൻ റോഡ് പണിക്കാർ തയാറായില്ല. പിന്നീട് നാട്ടുകാരാണ് അത് പുനഃസ്ഥാപിച്ചത്. ഓട പൊളിക്കുന്നസമയത്ത് ഇളകിവീണ ബി.എസ്.എൻ.എൽ പോസ്റ്റ്, ഓടയിൽ കിടക്കുകയാണ്. ഇതും അപകടം വരുത്തുന്നു.
ഓടയിൽ മലിനജലവും
ശാന്തി ഗ്രന്ഥ ശാലയ്ക്ക് മുന്നിൽ അവസാനിക്കുന്ന ഓട, പ്രധാന റോഡിൽ നിന്ന് തെന്നൂർക്കോണത്തേക്ക് പോകുന്ന റോഡിനെ മുറിച്ച് ഓടയുടെ മറുഭാഗവുമായി കൂട്ടിച്ചേർത്തിരുന്നെങ്കിൽ ഈ ഓടയിലൂടെ വരുന്ന വെള്ളം ഒഴുകിപ്പോകുമായിരുന്നു. എന്നാൽ ശാന്തി ഗ്രന്ഥശാലയ്ക്കു മുന്നിൽ ഓട അവസാനിക്കുന്നതിനാൽ ഓടയിലൂടെ ഇവിടെ എത്തുന്ന വെള്ളം ഇവിടെ കെട്ടിനിന്ന് മലിനജലമാകുന്നത് വായനശാലയ്ക്കും സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
നിർമ്മാണം വേണം
തിരക്കേറിയ മുടപുരം ജംഗ്ക്ഷന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന വായനശാലയ്ക്കു മുന്നിലെ ഓട നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രന്ഥശാല ഭാരവാഹികൾ രേഖാമൂലവും അല്ലാതെയും നിരവധി തവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികൃതർക്ക് അനക്കമില്ല. നിത്യഹരിത നായകനായ പ്രേംനസീറിന്റെ സ്മരണയായി നിലകൊള്ളുന്ന ഈ വായനശാലയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന അൻപതാം വാർഷികം ആഘോഷിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ് വായനശാല ഭാരവാഹികൾ. ജനുവരി മാസത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. അതിനു മുൻപ് ഓട പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറാവണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു.