vilambara-jadha

കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കുടുംബ സംഗമവും, സ്ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിച്ചു.ഞെക്കാട് വി.എച്ച്.എസ്.എസിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ പഞ്ചായത്ത് പ്രസിഡന്റ് ബീന ഫ്ലാഗ് ഓഫ് ചെയ്തു.ശ്രീനാരായണ യു.പി സ്കൂളിലെയും,ബി.പി.എം മോഡൽ സ്കൂളിലെയും, ഞെക്കാട് സ്കൂളിലെയും സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ്,റെഡ് ക്രോസ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ,ജനപ്രതിനിധികൾ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പി.എച്ച്.സിയിൽ നടന്ന പൊതുസമ്മേളനം ജില്ലാ ഡിവിഷൻ മെമ്പർ വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.ഭക്ഷ്യധാന്യ കിറ്റ്, ബെഡ്ഷീറ്റുകൾ, മെഡിക്കൽ സഹായ ഉപകരണങ്ങൾ എന്നിവയുടെ വിതരണം പ്രസിഡന്റ് പി.ബീന നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഗിനിലാൽ നന്ദിയും പറഞ്ഞു.വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡി.രാഗിണി, ഒ.ലിജ, വി.സത്യബാബു,രഹ്ന നസീർ,രാജീവ് നാരായണൻ എന്നിവർ സംസാരിച്ചു. ഡോ. ലിഖിൻ ബോധവത്ക്കരണ ക്ലാസ് നടത്തി.പാലിയേറ്റീവ് ചികിത്സയിൽ വിദഗ്ദ്ധ പരിശീലനം നേടി ഇസ്രയേലിൽ നിന്നെത്തിയ സരികാ സ്കറിയ അനുഭവങ്ങൾ പങ്കുവച്ചു.