general

ബാലരാമപുരം: നേമം ഗവ.യു.പി.എസിലെ പ്രീപ്രൈമറി വിഭാഗം അന്തർദേശീയ നിലവാരത്തിലേക്ക്.സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി ഇത് നടപ്പാക്കുന്നതിനായി അക്കാഡമിക്ക് വിദഗ്ദ്ധരുടെ സംഘം കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ചിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ജലാശയങ്ങൾ,ശലഭോദ്യാനങ്ങൾ,വിശ്രമ-വിനോദ കേന്ദ്രങ്ങൾ,പൂന്തോട്ടം,പ്രകൃതി പഠനഹരിതയിടങ്ങൾ എന്നിവ സ്കൂളിൽ സ്ഥാപിക്കും. കൂടാതെ സൂക്ഷ്മ സ്ഥൂല പേശി വികസനത്തിനും ഇൻഡോർ ഔട്ട്ഡോർ ഗെയിമുകൾക്കുമായി കുട്ടികളുടെ പാർക്കും സ്ഥാപിക്കും. പഠനം ആസ്വാദ്യമാക്കാനും അക്കാഡമിക് നിലവാരമുയർത്താനും ഭാഷായിടം,ഗണിതയിടം,വരയിടം,കുഞ്ഞരങ്ങ്,ഇ-യിടം,ശാസ്ത്രയിടം,ഹരിതയിടം,കരകൗശല നിർമാണയിടം,ആട്ടവും പാട്ടും തുടങ്ങി 13 പഠനയിടങ്ങളൊരുക്കും. വിവിധ വ്യവഹാരങ്ങളിലൂടെ കുട്ടികളുടെ സർഗാത്മകവികാസം ലക്ഷ്യമാക്കിയാണ് പഠനയിടങ്ങളൊരുക്കുന്നത്. ഫലപ്രദമായ അക്കാഡമിക് വിനിമയം ലക്ഷ്യമാക്കി പാർപ്പിടം,ഗതാഗതം,പൊതുസ്ഥാപനങ്ങൾ,ഉത്സവം,മണ്ണ് തുടങ്ങിയ തീമുകളിൽ ഭൗതിക പഠനപരിസരവും പ്രയോജനപ്പെടുത്തും.പ്രീ സ്കൂൾ സങ്കല്പങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി വർണക്കൂടാരം എന്ന പേരിൽ തയ്യാറാക്കിയ മാർഗരേഖയെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഭാഗമായ് വിദ്യാലയത്തെ പ്രതിനിധീകരിച്ച് മൂന്ന് റിസോഴ്സ് അദ്ധ്യാപകർക്കുള്ള പരിശീലനവും പൂർത്തിയായി. വരുംദിവസങ്ങളിൽ പ്രഥമാദ്ധ്യാപകനും എസ്.എം.സി ചെയർമാനും പരിശീലനം നൽകും. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ വി.റെനി,വിനോദ്,ലിജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്കാഡമിക് സന്ദർശനം നടത്തിയത്.