elevated

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും നീളം കൂടിയ നാലുവരി മേൽപ്പാത ഇന്നലെ അനൗപചാരികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു.ഇതോടെ കഴക്കൂട്ടത്തെ ട്രാഫിക് ബ്ളാേക്കിൽ കുരുങ്ങാതെ ദേശീയപാത 66ലെ ഗതാഗതം സുഗമമായി. ടെക്നോപാർക്കിലേക്കുള്ള ഗതാഗതത്തിനും തടസ്സം ഒഴിവായി.
2.71 കിലോമീറ്ററാണ് ദൈർഘ്യം. ഔദ്യോഗിക ഉദ്ഘാടനം 15ന് നടക്കും.


2019ൽ നിർമ്മാണം ആരംഭിച്ചെങ്കിലും കൊവിഡും പ്രതികൂല സാഹചര്യങ്ങളും കാരണം പണികൾ നീണ്ടുപോവുകയായിരുന്നു. നവംബർ ഒന്നിന് തുറന്നുകൊടുക്കാനാണ് ദേശീയപാത അതോറിട്ടി ആദ്യം തീരുമാനിച്ചത്.

കേന്ദ്രമന്ത്രി ഗഡ്കരിയുടെ അസൗകര്യം മൂലം ഉദ്ഘാടനം നീട്ടുകയായിരുന്നു. പണി പൂർത്തിയായിട്ടും പാത തുറക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു.

15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,​ മുഖ്യമന്ത്രി പിണറായി വിജയൻ,​ കേന്ദ്രമന്ത്രി വി.മുരളീധരൻ,​ മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുക്കും. എൻ.എച്ച് 66ലെ കാസ‌ർകോട് വരെയുള്ള 40,453 കോടിയുടെ നിർമ്മാണ പദ്ധതികളുടെ ശിലാസ്ഥാപനവും ഗഡ്കരി നടത്തും.

#കുരുങ്ങാതെ പോകാം

പഴയ ദേശീയപാതയും ബൈപാസും സംഗമിക്കുന്ന തിരക്കേറിയ കഴക്കൂട്ടം ജംഗ്ഷന് മുകളിലൂടെയാണ് മേൽപ്പാത പോകുന്നത്. കൊല്ലം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്ക് സമീപത്തുനിന്ന് മേൽപ്പാതയിൽ പ്രവേശിക്കാം. ടെക്നോപാർക്ക് ഫേസ് 3ന് സമീപത്ത് വന്നിറങ്ങും. ടെക്നോപാർക്കിന്റെ ആസ്ഥാനത്തേക്ക് താഴത്തെ റോഡിലൂടെയാണ് പ്രവേശനം.

സവിശേഷതകൾ

# ടെക്നോപാർക്ക് ഫേസ് 3 (ആറ്റിൻകുഴി)​ മുതൽ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രി വരെ നാലുവരി

#സംസ്ഥാനത്തെ ഏറ്റവും നീളമുള്ള നാല് വരി മേൽപ്പാത. ആലപ്പുഴയിൽ 3.2 കിലോമീറ്റർ മേൽപ്പാതയുണ്ടെങ്കിലും അത് രണ്ടു വരിയാണ്.

2.71 കി.​മീ

പാതയുടെ നീളം

24 മീറ്റർ

റോഡിന്റെ വീതി

1 മീറ്റർ

മീഡിയനിന്റെ വീതി

1 മീറ്റർ

ക്രാഷ് ബാരിയറിന്റെ വീതി

7.5 മീറ്റർ

സർവീസ് റോഡിന്റെ വീതി

7.75 മീറ്റർ

പാലത്തിനടിയിലൂടെയുള്ള റോഡ്

90
തൂണുകൾ

266

ലൈറ്റുകൾ

620

റിഫ്ലക്ടറുകൾ ( 18 മീറ്റർ ഇടവിട്ട്)​

200 കോടി

നിർമ്മാണച്ചെലവ്

356 കോടി

ഭൂമിയേറ്റെടുക്കലിനടക്കം കേന്ദ്രം അനുവദിച്ചത്

1.95 ഹെക്ടർ

ഹൈവേയ്‌ക്കും സർവീസ് റോഡുകൾക്കുമായി വേണ്ടിവന്ന സ്ഥലം