
കാട്ടാക്കട: ഇത് പി. തങ്കമണി ടീച്ചർ. ഭിന്നശേഷി കുട്ടികൾക്ക് താങ്ങും തണലുമായി 32 വർഷക്കാലമായി കഴിഞ്ഞുകൂടുകയാണ്. ഭിന്നശേഷി കുഞ്ഞുങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് ജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ നിസ്വാർത്ഥസേവനമാണ് ഈ അദ്ധ്യാപിക നടത്തുന്നത്. കുട്ടികളുടെ മാതാപിതാക്കളുടെ കണ്ണീരൊപ്പുന്ന കാഴ്ചയാണ് വട്ടിയൂർക്കാവ് സ്വദേശിയായ അദ്ധ്യാപികയിലൂടെ നാം കാണുന്നത്.
മണ്ണന്തലയിൽ മറിയം പ്ലേ ഹോം എന്ന സ്ഥാപനം തുടക്കമിട്ടാണ് തങ്കമണി ടീച്ചർ തന്റെ അദ്ധ്യാപന ജീവിതത്തിന് തുടക്കമിട്ടത്.1990 സ്പെഷ്യൽ സ്കൂൾ മേഖലയിൽ ഇറങ്ങി.കനക നഗറിലെ ഒരു വീട്ടിലെ മൂന്ന് പെൺമക്കളുടെ അവസ്ഥ കണ്ടാണ് ഈ രംഗത്തോട്ടിറങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്. 1983ൽ ടി.ടി.സി പഠിച്ച് നോർമൽ സ്കൂളിൽ അദ്ധ്യാപികയായി പോവുകവെയാണ് 1990ൽ മണ്ണന്തലയിൽ അഞ്ച് കുട്ടികളായി ഒരു സ്പെഷ്യൽ സ്കൂൾ തുടങ്ങിയത്. ഭിന്നശേഷി കുട്ടികളുടെ സ്പോർട്സുമായി ബന്ധപെട്ട് ഓസ്ട്രേലിയ,ഖത്തർ, മലേഷ്യ എന്നിങ്ങനെ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാനും അവസരമുണ്ടായി. ഈ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് നിരവധി അവാർഡുകളും കിട്ടിയിട്ടുണ്ട്. 2004ൽ സ്റ്റേറ്റ് സ്പെഷ്യൽ ടീച്ചർ അവാർഡ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകുകയുണ്ടായി. 2012ലാണ് കുറ്റിച്ചൽ സ്വദേശിയായ ചന്ദ്രൻ തന്റെ മകൾ ചന്ദനയുമായി മണ്ണന്തലയിലെ സ്പെഷ്യൽ സ്കൂളിലെത്തുന്നത്. ദൂരവും കുട്ടിയുടെ പരിചരണവും ബുദ്ധിമുട്ടിലായ കുറ്റിച്ചൽ പഞ്ചായത്തിലെ നിരവധി ഭിന്നശേഷി കുട്ടികളുണ്ടെന്നറിഞ്ഞ്, ചന്ദ്രൻ-ഷീബ ദമ്പതികളുടെ നേതൃത്വത്തിൽ എസ്.ജി സ്പെഷ്യൽ സ്കൂൾ എന്ന ആശയത്തോടെ 2012ൽ അഞ്ച് കുട്ടികളുമായി തങ്കമണി ടീച്ചർ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇപ്പോൾ നൂറിലധികം ഭിന്നശേഷി കുട്ടികളുമായി സ്കൂൾ മുന്നോട്ടു പോകുകയാണ്. 2020തോടെ താൻ തിരിതെളിയിച്ച കുറ്റിച്ചൽ എസ്.ജി.സ്പെഷ്യൽ സ്കൂളിന്റെ പ്രിൻസിപ്പലായി ജോലിചെയ്യുകയാണ് ടീച്ചർ. ഭർത്താവ് കെ. മോഹനനും മക്കളായ വിമൽ മോഹനനും,അശ്വതി മോഹനനും ടീച്ചറുടെ നിസ്വാർത്ഥ സേവനത്തിനായി പിൻതുണ നൽകുന്നു. തന്റെ പിൻഗാമിയായി മകൻ വിമൽ മോഹനൻ മണ്ണന്തലയിലെ സ്പെഷ്യൽ സ്കൂളിലെ അദ്ധ്യാപകനാണ്.