വെള്ളറട: മലയോര ഹൈവേയിൽ ചെറിയകൊല്ലയിൽ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം വേണമെന്ന് ആവശ്യം. പാറശാല വെള്ളറട റോഡിലാണ് മാസങ്ങളായുള്ള വെള്ളക്കെട്ട്. റോഡിന്റെ ഇരുവശത്തുമുള്ള വസ്തു ഉടമകൾ റോഡിലെ ഓടയിലെ വെള്ളം ഒഴുകിപോകുന്നത് അടച്ചതോടെയാണ് റോഡിലെ വെള്ളക്കെട്ടിന് തുടക്കമായത്. മഴപെയ്താൽ രണ്ടടിയിലേറെ പൊക്കത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും കാൽനടയാത്രക്കാർക്ക് പോകാൻ കഴിയാത്ത അവസ്ഥയിലുമാണ്. കഴിഞ്ഞദിവസത്തെ മഴയിൽ ഇരുചക്രവാഹനത്തിലെത്തിയ സ്ത്രീകൾ അപകടത്തിൽപ്പെട്ടത് വ്യാപകമായ പ്രതിക്ഷേധത്തിനിടയാക്കിയുരുന്നു. ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് അധികൃതരും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് സ്ഥലവാസികളുടെ ആവശ്യം. മാസങ്ങളായുള്ള വെള്ളക്കെട്ടിന് ജനപ്രതിനിധികൾ എത്ര ശ്രമിച്ചിട്ടും ഇരുവശത്തുമുള്ള വസ്തു ഉടമകൾ വെള്ളം ഒഴുക്കിവിടാൻ തയ്യാറാക്കാത്തതും പ്രശ്നം രൂക്ഷമാക്കി.