
പ്ലാസ്റ്റിക്കിൽ നിർമ്മിച്ച അസ്ഥികൂടമെന്ന് പൊലീസ്
വിഴിഞ്ഞം: കോവളം മുക്കോല ബൈപ്പാസ് റോഡിൽ മുക്കോല പാലത്തിന് താഴെയുള്ള ഓടയിൽ അസ്ഥികൂടം കണ്ടെത്തിയത് നാട്ടുകാരെ മണിക്കൂറുകളോളം ആശങ്കയിലാക്കി. പൊലീസെത്തി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച അസ്ഥികൂടമെന്ന് തിരിച്ചറിഞ്ഞതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്.
ഇന്നലെ ഉച്ചയ്‌ക്കുശേഷം ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് അസ്ഥികൂടം കിടക്കുന്നതായി വിഴിഞ്ഞം പൊലീസിനെ അറിയിച്ചത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് തോന്നിയതോടെ നാട്ടുകാരും തടിച്ചുകൂടി. ഒടുവിൽ പൊലീസിന്റെ ശാസ്ത്രീയ പരിശോധന സംഘത്തിന്റെ വിലയിരുത്തലിലാണ് പ്ലാസ്റ്റിക് അസ്ഥികൂടമാണെന്ന് വ്യക്തമായതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.
സംശയമൊഴിവാക്കുന്നതിനായി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തുകയും ചെയ്‌തു. സിനിമാ ഷൂട്ടിംഗിനോ ശാസ്ത്രമേള പ്രദർശനത്തിനോ വേണ്ടി നിർമ്മിച്ച് ഉപയോഗം കഴിഞ്ഞശേഷം ഉപേക്ഷിച്ചതാകാമെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.