1

പോത്തൻകോട് : വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ ഇരകളാകുന്ന സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം സർക്കാരുകൾ കാണേണ്ടതാണെന്ന് മലങ്കര സുറിയാനി സഭാ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ. ശാന്തിഗിരി ആശ്രമത്തിലെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതു രാജ്യത്തുചെന്നാലും നമ്മൾ വികസനമെന്ന് വിലയിരുത്തുന്നത് ഓവർ ബ്രിഡ്ജുകളുടെ എണ്ണം നോക്കിയാണ്. എന്നാൽ ഓവർ ബ്രി‍ഡ്ജുകളുടെ കീഴിലുറങ്ങുന്ന പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ വികസനം ഉണ്ടാക്കാനാണ് നമ്മൾ പരിശ്രമിക്കേണ്ടത്. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് നീ നിന്റെ അയൽക്കാരനെ സഹോദരനെപ്പോലെ സ്നേഹിക്കാനാണ്. എന്നാൽ ആരും ചെയ്യാത്തതും അതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബാവയെ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മറ്റ് സന്ന്യാസിമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ആശ്രമം വൈസ് പ്രസിഡിന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി തുടങ്ങിയവർ സംസാരിച്ചു.