തിരുവനന്തപുരം : മൊബൈൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം ഉൾപ്പടെ യാതൊരുവിധ നിയമവിരുദ്ധ പ്രവർത്തനവും ജയിലിനകത്ത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അത്തരം കാര്യങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരോട് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജയിൽ വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റംചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന സാഹചര്യം ജയിലുകളിലുണ്ടാകരുത്. അത്തരം പരാതികളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണുന്ന പ്രവണത പാടില്ല. കോടതി ശിക്ഷിക്കുംവരെ അവരെ നിരപരാധികളായി കാണണം. പ്രതികാര മനോഭാവത്തോടെ തടവുകാരെ സമീപിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങൾക്കും കൂച്ചുവിലങ്ങിടുന്ന ഒന്നായി ജയിലുകൾ മാറുന്ന സ്ഥിതിയായിരുന്നു അന്ന്. ഇപ്പോൾ ജയിലിനെക്കുറിച്ചുള്ള സങ്കൽപ്പം തെറ്റുതിരുത്തൽ കേന്ദ്രമെന്നതാണ്. നേരത്തേ കുറ്റവാളികൾ, തടവുപുള്ളികൾ എന്നൊക്കെയാണ് ജയിൽ കഴിയുന്നവരെ പറഞ്ഞിരുന്നത്. ഇപ്പോൾ ജയിൽ അന്തേവാസികൾ എന്ന് സംബോധനചെയ്യുന്നതു തന്നെ മാറ്റത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൂജപ്പുര ശ്രീചിത്തിര തിരുന്നാൾ സ്റ്റേഡിയത്തിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.