തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ കോർപ്പറേഷന് മുന്നിലെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുന്നു. കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരും നേതാക്കളും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബി.ജെ.പി കോർപ്പറേഷന് മുന്നിൽ മാർച്ച് നടത്തി. ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
എൻ. പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് അസ്സോസിയേഷൻ പ്രസിഡന്റ് കെ.ആർ. കുറുപ്പ്, ജില്ലാ പ്രസിഡന്റ് ജെ.രാജേന്ദ്രകുമാർ, ജില്ലാ സെക്രട്ടറി മറുകിൽ ശശി, സംസ്ഥാന ഭാരവാഹികളായ ആർ.രാജൻ കുരുക്കൾ, ജി.പരമേശ്വരൻ നായർ, ബാബു രാജേന്ദ്രൻ നായർ, നദീറ സുരേഷ്, എസ്.സുകുമാരൻ നായർ, കോട്ടാത്തല മോഹനൻ തുടങ്ങയിവർ പങ്കെടുത്തു. ബി.ജെ.പി വട്ടിയൂർക്കാവ് നിയോജക മണ്ഡലം പ്രവർത്തകരും കൗൺസിലർമാരുമാണ് ബി.ജെ.പിയുടെ സത്യഗ്രഹത്തിൽ പങ്കെടുത്തത്. ബി.ജെ.പി ജില്ലാ സെക്രട്ടറി വട്ടിയൂർക്കാവ് ജയചന്ദ്രൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.