തിരുവനന്തപുരം:കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് കായിക താരങ്ങളെ വളർത്തിയെടുക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 64ാം സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരി കുട്ടികളെ സാരമായി ബാധിച്ചു. കളിക്കാനുള്ള അവസരം പരിമിതപ്പെട്ടുപോയി. അവസരം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കായികമേളയെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.ലോകോത്തര താരങ്ങൾക്ക് അവസരം ഒരുക്കിയത് സ്‌കൂൾ കായികമേളകളാണ്. 5000 കുട്ടികൾക്ക് അത്ലറ്റിക്സ് പരിശീലന പദ്ധതി ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ സഹകരണത്തോടെ നടപ്പാക്കും. ആദ്യഘട്ടമായി സ്പ്രിന്റ് എന്ന പദ്ധതി 10 സ്‌കൂളുകളിൽ നടപ്പാക്കും. കണ്ണൂർ സ്‌പോർട്സ് ഡിവിഷൻ മാതൃകയിൽ കുന്നംകുളത്തും സ്‌പോർട്സ് ഡിവിഷൻ ആരംഭിച്ചു.കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിനെ സർക്കാർ സ്‌പോർട്സ് സ്‌കൂളായി ഉയർത്തും.കായിക ഡയറക്ടറേറ്റിന്റെയും സ്‌പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ മൂന്ന് ഫുട്ബാൾ അക്കാഡമികൾ ആരംഭിച്ചു. ഇതിൽ രണ്ടെണ്ണം പെൺകുട്ടികൾക്കാണ്. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകുന്നതിനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കുന്നു. പത്ത് മുതൽ 12 വരെയുള്ള കുട്ടികൾക്ക് 1000 കേന്ദ്രങ്ങളിലാണ് പരിശീലനം.അഞ്ച് ഘട്ടമായി അഞ്ച് ലക്ഷം പേർക്ക് പരിശീലനം ലഭിക്കും.
ജ്യൂഡോ പരിശീലനത്തിനുള്ള ജ്യൂഡോക്കോ,ബോക്സിംഗ് പരിശീലനത്തിനുള്ള പഞ്ച് എന്നീ പദ്ധതികൾ സ്‌കൂൾ തലത്തിൽ ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. മന്ത്രി ജി.ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.