തിരുവനന്തപുരം: ചിത്രകാരന് അന്തസായി ജീവിക്കാനുള്ള സാഹചര്യം കേരളത്തിൽ ഇല്ലെന്ന് ചിത്രകാരൻ ബി.ഡി. ദത്തൻ പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ നടക്കുന്ന ചിത്രരചന പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രങ്ങൾ വില കൊടുത്ത് വാങ്ങുന്ന രീതി കേരളത്തിലില്ല.ചിത്രരചന വളരെ ചെലവേറിയ തൊഴിലാണ്. മറ്റുള്ളവർ വരച്ചത് കണ്ട് അത് പോലെ വരയ്ക്കാൻ സാധിക്കുന്നില്ല എന്നോർത്ത് കരഞ്ഞ കാലം ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ 60 വർഷമായി ഞാൻ നിരന്തരം വരയ്ക്കുന്നു. സ്റ്റുഡിയോ ഇന്റർനാഷണലെന്ന മാസികയാണ് എന്റെ യഥാർത്ഥ ഗുരു. പുതിയ നിറക്കൂട്ടുകൾ അതെനിക്ക് പരിചയപ്പെടുത്തി. എന്റെ ഒരു പരീക്ഷണവും വിജയിക്കാതെ ഇരുന്നിട്ടില്ല. എഴുന്നേറ്റ ആദ്യത്തെ ഒരു മണിക്കൂർ ചിന്തിക്കുന്നത് ഇന്ന് വരയ്ക്കാനുള്ള ചിത്രത്തെ കുറിച്ചാണ്. വിൽക്കാൻ വേണ്ടിയല്ല തൃപ്തിക്ക് വേണ്ടിയാണ് വരയ്ക്കുന്നത്. മറ്റൊരു കലയ്ക്കും ഇല്ലാത്ത സ്വാതന്ത്ര്യം ചിത്രകലയ്ക്ക് ഉണ്ട്. സൂര്യ ഫെസ്റ്റിവലിൽ കലാകാരന്മാർക്ക് ചിത്രങ്ങൾ പ്രദർശിപ്പിച്ചു വിൽക്കാൻ സൗകര്യം ഒരുക്കിയ സംവിധാനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.