1

തിരുവനന്തപുരം: ബിവ‌്കോ ഔട്ട‌്ലെറ്റിലെ സമയം കഴിഞ്ഞശേഷം മദ്യം ചോദിച്ചിട്ട് നൽകാത്ത വൈരാഗ്യത്തിൽ ജീവനക്കാരനെ പിന്തുടർന്ന് രണ്ടംഗ സംഘം ആക്രമിച്ചു. പട്ടത്തെ ഔട്ട്‌ലെറ്റിൽ ജോലി ചെയ്യുന്ന രാജീവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ന് പുളിമൂട് ജംഗ്ഷനിലാണ് സംഭവം.

രണ്ടംഗ സംഘമെത്തിയപ്പോൾ പ്രവൃത്തി സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാവില്ലെന്ന് രാജീവ് അറിയിച്ചു. തുടർന്ന് തർക്കമായി. ജോലി കഴിഞ്ഞശേഷം വീട്ടിലേക്ക് പോകുകയായിരുന്ന രാജീവിനെ പിന്തുടർന്നെത്തി പുളിമൂട് ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ആക്രമിച്ചത്. രാജീവൻ ബഹളംവച്ചതിനെ തുടർന്ന് ആളുകൾ കൂടിയപ്പോൾ ആക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ബിയർ‌ കുപ്പി കൊണ്ടാണ് കൈയിലും തലയിലും മുതുകത്തും രാജീവിനെ മർദ്ദിച്ചത്. പരിക്കേറ്റ രാജീവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന പുളിമൂട് ജംഗ്ഷൻ കന്റോൺമെന്റ്,​ തമ്പാനൂർ,​ വഞ്ചിയൂർ എന്നീ സ്റ്റേഷനുകളുടെ അതിർത്തിയാണ്. അതുകൊണ്ട് തന്നെ സംഭവം നടന്നപ്പോൾ ഏത് സ്റ്റേഷൻ കേസെടുക്കണമെന്ന ആശയകുഴപ്പമുണ്ടായി. തുടർന്ന് നടത്തിയ ചർച്ചയിലാണ് തമ്പാനൂരാണെന്ന് സ്ഥിരീകരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.