മലയാള സിനിമയ്ക്ക് പ്രതിഭയുള്ള ഒരു നടിയെയാണ് ദിവ്യപ്രഭയിലൂടെ ലഭിച്ചിരിക്കുന്നത്. അറിയിപ്പ് കണ്ടാൽ അത് മനസിലാകും

വൈകാരിക മുഹൂർത്തങ്ങൾ അഭിനയിക്കുമ്പോൾ അതിന്റെ ഏറ്റക്കുറച്ചിലുകൾ അനായസം പ്രതിഫലിക്കുംവിധം അവതരിപ്പിക്കാൻ അത്ര എളുപ്പമല്ല. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം അറിയിപ്പ് അങ്ങനെ ശക്തമായ അഭിനയ പാടവം പ്രകടമാക്കുന്ന ഒരു നടിയെ മലയാളത്തിനു നൽകിയിരിക്കുകയാണ്.അറിയിപ്പിലെ രശ്മി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി മാറ്റിയ ദിവ്യപ്രഭ ഇതാദ്യമായിട്ടല്ല സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ അറിയിപ്പ് അവരുടെ കലാ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലടക്കം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഇതിനോടകം പ്രദർശിപ്പിച്ച ഈ ചിത്രത്തോടൊപ്പം ദിവ്യപ്രഭയുടെ അഭിനയവും വലിയ ചർച്ചയാവുകയാണ്. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മാറ്റുരയ്ക്കുന്നുണ്ട് ഈ ചിത്രം. 12നും 14നും ചിത്രം പ്രദർശിപ്പിക്കും. ദിവ്യപ്രഭയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:-
അഭിനയ രംഗത്തേക്ക് എത്തിയ സാഹചര്യം?
' ശരിക്കു പറഞ്ഞാൽ എം.ബി.എ പഠനകാലത്ത് അവിചാരിതമായി നടന്ന ഒരു സംഭവമാണ് അഭിനയത്തിലേക്ക് എത്തിച്ചത്. കൊച്ചിയിലെ സുഭാഷ് പാർക്കിൽ പ്രഭാത നടത്തത്തിനിടെ ജോഷിസാർ സംവിധാനം ചെയ്യുന്ന ലോക്പാൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. കാസ്റ്റിംഗ് കോർഡിനേറ്റർ അവിചാരിതമായി എന്നെ കണ്ട്് വിളിച്ച് ഫ്രെയിമിൽ നിർത്തുകയായിരുന്നു. പിന്നീട് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി സാർ ആ ചിത്രത്തിൽ തന്നെ ചെറിയ ഒരു വേഷം തന്നു. സ്കൂളിൽ പഠിക്കുമ്പോൾ നാടകം, യൂത്ത്ഫെസ്റ്റിവൽ എന്നിവയിലൊക്കെ പങ്കെടുത്തിട്ടുണ്ടെങ്കിലും അഭിനയ രംഗത്ത് എത്തുമെന്ന് കരുതിയിരുന്നില്ല. ആദ്യമായിട്ട് ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് 2014 ൽ പുറത്തിറങ്ങിയ ഇതിഹാസ എന്ന ചിത്രത്തിലാണ്. അതിനു മുമ്പ് ഓരോ രംഗങ്ങളിലൊക്കെ വന്നുപോകുന്ന ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ദിവ്യപ്രഭയുടെ പശ്ചാത്തലം?
തൃശൂർ ചേർപ്പാണ് സ്വദേശം. കൊല്ലം ടി.കെ.എം കോളേജിൽ നിന്ന്ബിരുദം പൂർത്തിയാക്കി. ലീഗൽ കൺസൾട്ടന്റായ അച്ഛൻ പി.എസ്.ഗണപതിയുടെ ജോലി സംബന്ധമായിട്ടാണ് പഠനത്തിന് കൊല്ലം തിരഞ്ഞെടുത്തത്.അമ്മ ലീലാമണി നഴ്സായിരുന്നു . രണ്ട് സഹോദരിമാരിൽ ഒരാൾ കോയമ്പത്തൂരിൽ ജോലി ചെയ്യുന്നു. മറ്റൊരാൾ അബുദാബിയിലാണ്. ഇരുവരും വിവാഹിതരാണ്.
എം.ബി.എ ചെയ്യുന്നതിനൊപ്പം കൊച്ചിയിലെ വിദേശ പഠനങ്ങൾക്കായുള്ള ഒരു കൺസൾട്ടൻസിയിൽ കൗൺസിലർ ആയും ജോലി ചെയ്തിരുന്നു.
ലോക്പാലിന് ശേഷം സംവിധായകൻ കമൽ സാറിന്റെ നടൻ എന്ന ചിത്രത്തിൽ ചെറിയ വേഷം. അപ്പോഴൊക്കെ ഒരു കൗതുകത്തിന്റെ പുറത്താണ് അഭിനയിച്ചിരുന്നത്.
സിനിമ പ്രൊഫഷനാക്കാം എന്ന് തീരുമാനിച്ചത് എപ്പോഴാണ്?
സിനിമയിൽ പിന്നീട് അവസരങ്ങൾ വരാതെയിരുന്നപ്പോൾ ബോബി സഞ്ജയ് തിരക്കഥയെഴുതി കെ.കെ.രാജീവ് സംവിധാനം ചെയ്ത് ഈശ്വരൻ സാക്ഷി എന്ന സീരിയലിൽ 140 എപ്പിസോഡുകളിൽ അഭിനയിച്ചു. അതിൽ അപർണ എന്ന നായിക കഥാപാത്രം അവതരിപ്പിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടി. അവിടെ നിന്നാണ് അഭിനയം എനിക്ക് കഴിയുമെന്ന് മനസ്സിലാക്കുന്നത്. ഒരേ കഥാപാത്രം മാസങ്ങളോളം ചെയ്യുന്നതിൽ താത്പര്യം കുറഞ്ഞതോടെയാണ് സിനിമയിലേക്ക് വീണ്ടും കേന്ദ്രീകരിക്കുന്നത്. ഈ സമയത്ത് ടേക്ക് ഓഫ് എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തു. ചിത്രത്തിൽ ജിൻസി എന്ന നല്ലൊരു കഥാപാത്രം ലഭിച്ചു. മലയാള സിനിമയിൽ ഇടം നേടിത്തന്ന വേഷമായിരുന്നു അത്. ഒരുപാട് പേര് റിലീസിന് ശേഷം അഭിനന്ദിച്ചിരുന്നു. പിന്നീട് മാലിക്ക്, നിഴൽ ,തമാശ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളിൽ വേഷം ചെയ്യാൻ കഴിഞ്ഞു. മാലിക്കിൽ ഫഹദ് ഫാസിലിന്റെ സഹോദരി, നിഴലിൽ സൈക്കോളജിസ്റ്റ്, തമാശയിലെ ബബിത ടീച്ചർ തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ കോടിയിൽ ഒരുവൻ എന്ന ചിത്രം ചെയ്തു. നടൻ വിജയ് ആന്റണിയുടെ അമ്മയുടെ കഥാപാത്രമാണ് ചെയ്തത്.
റോഷൻ മാത്യു സംവിധാനം ചെയ് ത 'എ വെരി നോർമ്മൽ ഫാമിലി " എന്ന സ്റ്റേജ് നാടകം ചെയ്തിരുന്നു. 60 വയസ്സുള്ള മോളിയമ്മ എന്ന ഹാസ്യ കഥാപാത്രമായിരുന്നു. മികച്ച പ്രതികരണങ്ങളാണ് ആ വേഷത്തിനും ലഭിച്ചത്.
അറിയിപ്പിലെ കഥാപാത്രത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എന്ത് തോന്നി?
അറിയിപ്പിന്റെ കഥകേൾക്കുമ്പോൾ സിനിമ മേഖലയിൽ എത്തിയിട്ട് ഒമ്പതു വർഷം കഴിഞ്ഞു. എന്നെ തേടിയെത്തിയ വളരെ വ്യത്യസ്തമായൊരു വേഷം കഴിവിന്റെ പരമാവധി മികച്ചതാക്കണം എന്ന് തീരുമാനിക്കുകയായിരുന്നു. മഹേഷ് നാരായണൻ എന്ന സംവിധായകനൊപ്പം സിനിമ ചെയ്യുന്നത് തന്നെ വലിയ ആത്മവിശ്വാസം തരുന്ന കാര്യമാണ്. അത്യാവശ്യം ഹോംവർക്ക് ചെയ്തിട്ടാണ് ഞാനാ കഥാപാത്രം ചെയ്തത്.
പ്രേക്ഷകരിലേക്ക് അറിയിപ്പ് എത്തുമ്പോൾ പ്രതികരണംഎങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിരുന്നോ?
ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോൾ മുതൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. രശ്മി എന്ന കഥാപാത്രത്തെ നല്ലരീതിയിൽ ഉൾക്കൊള്ളാൻ കഴിഞ്ഞു. കഥാപാത്രം ചെയ്യുന്ന ജോലി പഠിക്കാൻ രണ്ട് ദിവസം ഫാക്ടറിയിൽ പോയിരുന്നു. അങ്ങേയറ്റം സമർപ്പിച്ച് ചെയ്ത കഥാപാത്രമായിരുന്നു. ഡൽഹിയിലെ നോയിഡയിലും ഫരീദാബാദിലുമായിരുന്നു ഷൂട്ടിംഗ് .
രശ്മി അനുഭവിക്കുന്ന പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന നിരവധി പെൺകുട്ടികൾസമൂഹത്തിലുണ്ടല്ലോ, അവരെ പറ്റി ദിവ്യപ്രഭ ചിന്തിച്ചിട്ടുണ്ടോ?
തീർച്ചയായും. നമുക്ക് ചുറ്റം നമ്മുടെ കൺമുമ്പിലും രശ്മിമാരുണ്ട്. ദിവ്യപ്രഭ എന്ന വ്യക്തിക്ക് അത്തരം സംഭവങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയും പക്ഷേ പുറംലോകവുമായി വലിയ ബന്ധങ്ങളില്ലാത്ത രശ്മിമാർ പകച്ചു പോകും.
കുഞ്ചാക്കോ ബോബനുമായുള്ള അനുഭവം?
അദ്ദേഹം വളരെ നല്ല സഹകരണമായിരുന്നു.വളരെ അനുഭവസമ്പത്തുള്ള ആളാണല്ലോ. സെറ്റിൽ പലപ്പോഴും ചാക്കോച്ചനെ ഞാൻ അറിയാതെ ഹരീഷേട്ടാ എന്ന് വിളിച്ചിട്ടുണ്ട്.
ബോൾഡായിട്ടുള്ള സീനുകൾ അഭിനയിക്കുന്നതിനെക്കുറിച്ച് ?
കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന സീനുകളാണെങ്കിൽ തീർച്ചയായും അഭിനയിക്കും. കരിയറിന്റെ തുടക്കക്കാലത്ത് ആയിരുന്നെങ്കിൽ ഞാൻ ഒരു പക്ഷേ മുതിരില്ലായിരുന്നിരിക്കാം. ഇപ്പോൾ അത്തരം നല്ല കഥാപാത്രങ്ങൾക്കാണ് ഞാൻ കാത്തിരിക്കുന്നത്. രശ്മി എന്ന മികച്ച കഥാപാത്രം ചെയ്തതു കൊണ്ട് ഇനി വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ശ്രദ്ധയുണ്ടാകും. ദിവ്യപ്രഭയെന്ന വ്യക്തിയോട് അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങളൊന്നും ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. സീരിയസ് റോളുകളാണ് കൂടുതലും ലഭിച്ചത്..കൊമേഴ്സ്യൽ സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. അത്തരം ചിത്രങ്ങൾ വൈകാതെ ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.അഭിനയിക്കുമ്പോൾ എന്റെ ക്രൈറ്റീരിയ മികച്ച കഥാപാത്രമാണ്.കൊമേഴ്സ്യലായാലും ആർട്ട് ഓറിയന്റഡായാലും അതുതന്നെ.