തിരുവനന്തപുരം: സംസ്ഥാന കായിക മേള നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഗാലറിയിലേക്ക് ചാഞ്ഞ് നിന്ന മരച്ചില്ലകൾ ഒടിഞ്ഞു വീണ് കായിക താരങ്ങളക്കടക്കമുള്ളവർക്ക് പരിക്കേറ്റു. കൊമ്പ് തലയിൽ തട്ടി പരിക്കേറ്റ എറണാകുളം ശാലോം എച്ച്.എസിലെ അഭിത കെ.പി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബോധരഹിതയായി. മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എസ്.എസിലെ കോച്ച് റിയാസ്, വിദ്യാർത്ഥി ഹരിത സുധീർ എന്നിവർക്കും പരിക്കേറ്റു. ആൺകുട്ടികളുടെ ജൂനിയർ ഹാമർത്രോയിലെ സ്വർണമെഡൽ ജേതാവ് മുഹമ്മദ് നിഹാലും രക്ഷിതാക്കളും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ജന.ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരികെ സ്റ്റേഡിയത്തിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാവിലെ 9.30ന് ജൂനിയർ ആൺകുട്ടികളുടെ ഹാമർ ത്രോ പുരോഗമിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം. ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്ന കെയ്ജിന് പിന്നിലെ ഗാലറയിൽ ഇരുന്നവരുടെ മുകളിലേക്ക് പൊടുന്നനെ ഉഗ്രശബ്ദത്തോടെ ചില്ലകൾ ഒടിഞ്ഞു വീഴുകയായിരുന്നു. രക്ഷിതാക്കളും കോച്ചുമാരും അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം അമ്പതോളം പേർ മത്സരം വീക്ഷിക്കുന്നതിനിടെയായിരുന്നു അപകടം. പെട്ടെന്ന് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.സംഭവത്തിന് തൊട്ടുപിന്നാലെ ചെങ്കൽച്ചൂളയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെത്തി മരച്ചില്ലകൾ മുറിച്ചു മാറ്റി. മന്ത്രി ശിവൻകുട്ടി അപകട സ്ഥലം സന്ദർശിച്ച് അപകട സാദ്ധ്യതയുള്ള മരചില്ലകൾ മുറിച്ചു മാറ്റാൻ ഫയർഫോഴ്സിന് നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയെന്നും മന്ത്രി അറിയിച്ചു.