
നെടുമങ്ങാട്: അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ സ്റ്റേഡിയ നിർമ്മാണം പാതിവഴിയിൽത്തന്നെ. കായിക പ്രേമികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നാലു വർഷം മുൻപ് കോടികൾ വകയിരുത്തി സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അരുവിക്കര ജലസംഭരണിയിലേക്ക് പോകുന്ന റോഡിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ പഞ്ചായത്ത് വക 75 സെന്റ് ഭൂമിയും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സമീപത്തെ സ്വകാര്യ വ്യക്തികളിൽ നിന്നു വാങ്ങിയ 25 സെന്റ് വസ്തുവും ചേർത്ത് ഒരേക്കറിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ചതുപ്പ് നിറഞ്ഞ പ്രദേശം ആദ്യഘട്ടത്തിൽ മണ്ണിട്ട് നികത്തി കളിക്കാൻ യോഗ്യമുളളതാക്കിയിരുന്നു. തുടർന്നാരംഭിച്ച ചുറ്റുമതിലിന്റെ നിർമ്മാണം ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ ഇപ്പോഴും നിലച്ചിരിക്കുകയാണ്. ഫുട്ബാൾ കോർട്ട്,വോളിബാൾ കോർട്ട്,സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് ഇരിക്കാനുളള ഗ്യാലറി,കളിക്കാർക്ക് വിശ്രമിക്കാനും വസ്ത്രങ്ങൾ മാറാനുമുളള മുറികൾ,കുടിവെളള വിതരണ സംവിധാനം എന്നിവയൊക്കെ നിർമ്മിക്കാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും പദ്ധതി പൂർത്തീകരണത്തിന് യാതൊരുവിധ പുരോഗതിയുമുണ്ടായിട്ടില്ല. അരുവിക്കരയിലെ സ്വകാര്യ സ്റ്റേഡിയങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കായിക പ്രേമികളെപ്പോഴും. നാട്ടുകാരുടെ ചിരകാല സ്വപ്നമായ സ്റ്റേഡിയത്തിന്റെ നിർമ്മാണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണമെന്നതാണ് കായികപ്രേമികളുടെ ആവശ്യം.