pond1

ചിറയിൻകീഴ്: ഒരു കാലഘട്ടത്തിൽ നാടിന്റെ ആകെ ജലസ്രോതസ്സും അഭിമാനവുമായിരുന്ന ചിറയിൻകീഴ് ആൽത്തറമൂട് ശാർക്കര ദേവീ ക്ഷേത്രത്തിലെ ആറാട്ടുകുളം ഇന്ന് നാശത്തിന്റെ വക്കിലാണ്. വിസ്തൃതമായ സ്ഥലത്ത് നാലുവശത്തും മതിൽക്കെട്ടും കൽപ്പടവുകളുമുള്ള ഇവിടം ഇന്ന് കുറ്റിച്ചെടികൾ വളർന്നു പന്തലിച്ച് കാടുപിടിച്ച് വഴിനടക്കാൻ പറ്റാതായി മാറിയിരിക്കുകയാണ്. പഴമയുടെ പ്രൗഢഗംഭീരമായ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രക്കുളത്തിന് പറയാനുള്ളത്. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുള്ള കൂപക രാജവംശത്തിന്റെ അധീനതയിൽ ആൽത്തറമൂട്ടിൽ ഉണ്ടായിരുന്ന കൊട്ടാരത്തിലെ അന്തേവാസികൾക്കടക്കം ഉപയോഗിക്കാനാണ് ഒന്നര ഏക്കറിലേറെ വിസ്തൃതിയിലുള്ള ഈ കുളം നിർമ്മിച്ചത്. കുളത്തിന്റെ തെക്കു ഭാഗത്തായിരുന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്.

 കടവുകൾ വിസ്മൃതിയിലേക്ക്

മുൻകാലങ്ങളിൽ തേക്കിൽ പണിത കുളപ്പുര അടക്കം നാല് കടവുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ കിഴക്കേ കടവ് പുരുഷന്മാർക്കും ബാക്കിയുള്ള കടവുകൾ സ്ത്രീകളുമാണ് ഉപയോഗിച്ചിരുന്നത്. വർഷങ്ങൾക്കു മുമ്പ് ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ശാർക്കര ദേവീക്ഷേത്രത്തിലെ ആറാട്ട് നടക്കുന്ന കുളത്തിന്റെ തെക്കേക്കടവ് വാതിൽ നിർമ്മിച്ച് അടയ്ക്കുകയും ആറാട്ടുകാലത്ത് മാത്രം ഇവിടെ പ്രവേശനം അനുവദിക്കുകയും ചെയ്തു. സ്ത്രീകൾ യഥേഷ്ടം ഉപയോഗിച്ചിരുന്ന പടിഞ്ഞാറ് വടക്ക് കടവുകൾ കാലാന്തരത്തിൽ വിസ്മൃതിയിലായി.

 മാലിന്യ നിക്ഷേപവും

ഒരുകാലത്ത് കണ്ണീർ തടാകം ആയിരുന്ന ഇവിടം ഇന്ന് മാലിന്യക്കുളമാണ്. മഴക്കാലത്ത് മഴവെള്ളം ഒഴുകി വാമനപുരം നദിയിൽ എത്താനുള്ള തോട് നടവഴി ആയതോടെ മഴവെള്ളം സുഗമമായി പോകാനുള്ള പാത അടഞ്ഞു. ഫലമോ മഴക്കാലമായാൽ കുളത്തിന്റെ ചുറ്റുമതിൽ കവിഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകും. ദിവസങ്ങളോളം ആ സമയങ്ങളിൽ ഇതുവഴിയുള്ള കാൽനടയാത്ര ദുസഹമാണ്. കുളത്തിന്റെ ചുറ്റുമതിലിന്റെ ഓരം ചേർന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്.

ഇഴ‌ജന്തുക്കളുടെ ആവാസ കേന്ദ്രം

ആറാട്ടുകുളം പരിസരം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിക്കഴിഞ്ഞു. ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റ് വേണമെന്ന ആവശ്യവും വെളിച്ചം കാണാതെ നിലനിൽക്കുകയാണ്. കൽപ്പടവുകളിൽ അടക്കം മെയിന്റനൻസ് വർക്കുകൾ നടത്തി താലൂക്കിലെ തന്നെ പ്രധാന ആറാട്ട് കുളങ്ങളിൽ ഒന്നായ ഇതിനെ പഴമയുടെ പ്രൗഢി ചോരാതെ നാടിന്റെ ജലവാഹിനി സ്രോതസ്സായി സംരക്ഷിക്കാൻ അധികൃതർ തയാറാകണമെന്നാണ് പൊതുവായ ആവശ്യം.