
ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവൻപാറ പാലത്തിന്റെ കൈവരികളിൽ സംരക്ഷണ വല കെട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി ആളുകളാണ് ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു മുകളിൽ നിന്ന് ആറിലേക്ക് ചാടാൻ ശ്രമിക്കുന്നത്. ഈ വർഷം മാത്രം ഇതിനകം എട്ടോളം ആത്മഹത്യാ ശ്രമങ്ങൾ നടന്നു. കഴിഞ്ഞ മാസവും ഈ മാസവും ഓരോ സംഭവങ്ങൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലത്തിന്റെ കൈവരിക്ക് ഉയരം വളരെ കുറവായതിനാൽ ആളുകൾക്ക് അനായാസം ആറിലേയ്ക്ക് എടുത്തു ചാടാൻ കഴിയും. പലപ്പോഴും ഇത്തരം ആളുകൾ പാലത്തിനു സമീപം ചുറ്റി തിരിയുന്നത് ശ്രദ്ധയിൽ പെടുന്ന യാത്രക്കാരും, പരിസരവാസികളും സമീപത്തുള്ള ഫയർ സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത് മൂലം ചിലപ്പോൾ അപകടം ഒഴിവാക്കാൻ കഴിയുന്നുണ്ട്. പാലത്തിന് ഇരുവശത്തും നെറ്റ് സ്ഥാപിക്കുക ആണെങ്കിൽ ഇത്തരം ആത്മഹത്യ പ്രവണതകൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ ജിഷാദ് പറഞ്ഞു. ഈ വിഷയം ആവശ്യപ്പെട്ട് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയ്ക്കും, മരാമത്ത് അധികൃതർക്കും കത്ത് നൽകിയിട്ടുണ്ടെന്നും നടപടി ഉടനെ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.