തിരുവനന്തപുരം: വിഴിഞ്ഞത്തെ സമാധാനപൂർണ വികസന പ്രവർത്തനങ്ങൾക്കായി ജില്ലയിൽ എൽ.ഡി.എഫ് പ്രചാരണ ജാഥ. ഏഴ് മുതൽ ഒൻപത് വരെയുള്ള ജാഥയുടെ ഉദ്ഘാടനം 6ന് വൈകിട്ട് ആറ് മണിക്ക് വർക്കലയിൽ മന്ത്രി പി. രാജീവ് നിർവഹിക്കും. സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ജാഥ നയിക്കും. 9ന് വൈകിട്ട് ആറിന് വിഴിഞ്ഞത്ത് നടക്കുന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്ന നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് മൂന്നുദിവസത്തെ ജില്ലാ ജാഥ നടത്തുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരെയും എതിർക്കാനല്ല, ജനങ്ങളുടെയും സമരസമിതിയുടെയും സഹകരണം അഭ്യർത്ഥിച്ചുള്ള ജാഥയാണിത്. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ മത്സ്യത്തൊഴിലാളികളെ വൈകാരികമായി ഇളക്കിവിട്ടതിനാലുണ്ടായതാണ്. അതിന്റെ പേരിൽ അവരെ ക്രൂശിക്കില്ല. തീരദേശത്തെ ജനങ്ങളോട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അവഗണനയും ഉണ്ടായിട്ടില്ല. വിഴിഞ്ഞം കൂടി ഉൾപ്പെടുന്ന കോവളം എം.എൽ.എ എന്തു കൊണ്ട് കൃത്യമായ നിലപാട് പറയുന്നില്ല. മണ്ഡലത്തിൽ എം.പി ശശി തരൂർ പറയുന്ന നിലപാട് കോൺഗ്രസിന്റേതാണോയെന്നും ആനാവൂർ ചോദിച്ചു.
ജാഥ ഏഴിന് രാവിലെ 10ന് ഇടവ,11.30ന് വെട്ടൂർ, മൂന്നിന് അഞ്ചുതെങ്ങ്, വൈകിട്ട് 4.30ന് മുതലപ്പൊഴി, ആറിന് പെരുമാതുറ എന്നിവിടങ്ങളിൽ പര്യടനം നടത്തും. രണ്ടാം ദിവസമായ വ്യാഴാഴ്ച രാവിലെ 10ന് മരിയനാട്ടുനിന്ന് പുനരാരംഭിക്കുന്ന ജാഥയ്ക്ക് 11.30ന് പള്ളിത്തുറയിലും മൂന്നിന് കൊച്ചവേളിയിലും 4.30ന് വലിയതുറയിലും ആറിന് പൂന്തുറയിലും സ്വീകരണം നൽകും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊഴിയൂരിൽ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് 10ന് പൂവാറിലും 11ന് പുതിയതുറയിലും 12ന് വിഴിഞ്ഞം ചപ്പാത്തിലും സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് വിഴിഞ്ഞത്താണ് ജാഥയുടെ സമാപനം.